'തീവ്രവാദത്തെ തുടച്ച് നീക്കണം'; ജമ്മുകശ്മീരില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അമിത് ഷാ

By Web TeamFirst Published Oct 23, 2021, 9:42 PM IST
Highlights

തെരഞ്ഞെടുപ്പിന് പിന്നാലെ ജമ്മുകശ്മീരിന് സംസ്ഥാന പദവി നല്‍കുമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് അമിത് ഷാ ആവര്‍ത്തിച്ചു. തീവ്രവാദത്തെ തുടച്ച് നീക്കണമെന്നാണ് അഞ്ച് മണിക്കൂര്‍ നീണ്ട സുരക്ഷാ അവലോകന യോഗത്തില്‍ അമിത് ഷാ ആവശ്യപ്പട്ടത്. 

ദില്ലി: തീവ്രവാദി ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീരില്‍ (Jammu and Kashmir) സുരക്ഷാ ഏജന്‍സികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah). തീവ്രവാദത്തെ തുടച്ച് നീക്കാന്‍ ആവശ്യമെങ്കില്‍ സൈനിക ബലം കൂട്ടണമെന്നും കശ്മീരില്‍ നടന്ന ഉന്നതതല സുരക്ഷാ യോഗത്തില്‍ അമിത് ഷാ നിര്‍ദ്ദേശിച്ചു. തീവ്രവാദത്തെ തുടച്ച് നീക്കണമെന്നാണ് അഞ്ച് മണിക്കൂര്‍ നീണ്ട സുരക്ഷാ അവലോകന യോഗത്തില്‍ അമിത് ഷാ ആവശ്യപ്പട്ടത്. 

നിലവിലെ സാഹചര്യം ആശ്വാസകരമാണെങ്കിലും തീവ്രവാദികളുടെ തുടര്‍ച്ചയായ നുഴഞ്ഞു കയറ്റത്തെ ഗൗരവമായി കാണേണ്ടതുണ്ട്. സൈന്യത്തിനും തദ്ദേശീയര്‍ക്കുമെതിരെ തുടരുന്ന ആക്രമണത്തെ കൂടുതല്‍ ശക്തമായി നേരിടണം. ആവശ്യമെങ്കില്‍ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കണമെന്നും അമിത് ഷാ നിര്‍ദ്ദേശിച്ചു. നിലവില്‍ 50 കമ്പനി അര്‍ധ സൈനിക വിഭാഗത്തെ കൂടി കശ്മീരില്‍ വിന്യസിച്ച വിവരം സേനാ കമാന്‍ഡര്‍മാര്‍ യോഗത്തില്‍ അമിത് ഷായെ അറിയിച്ചു. ഭീകരാക്രമണങ്ങളില്‍ ഭയന്ന് കഴിയുന്ന ജനങ്ങളെ ആശ്വസിപ്പിക്കുന്നതിനും നടപടികള്‍ സ്വീകരിക്കണമെന്ന് അമിത് ഷാ നിര്‍ദ്ദേശം നല്‍കി. ഏതൊക്കെ ശക്തികള്‍ ശ്രമിച്ചാലും കശ്മീരിന്‍റെ വികസനം തടസപ്പെടുത്താനാവില്ലെന്ന് അമിത് ഷാ വ്യക്തമാക്കി.

സുരക്ഷാ അവലോകന യോഗത്തിന് മുന്‍പ് വീരമൃത്യുവരിച്ച ജമ്മുകശ്മീര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പര്‍വേസ് അഹമ്മദിന്‍റെ കുടുംബാംഗങ്ങളെ അമിത് ഷാ സന്ദര്‍ശിച്ചു. പര്‍വേസ് അഹമ്മദിന്‍റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കിയുള്ള ഉത്തരവും കൈമാറി. സര്‍ക്കാര്‍ പ്രഖ്യാപിച്ച മണ്ഡല പുനര്‍നിര്‍ണ്ണയ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തെരഞ്ഞെടുപ്പിലേക്ക് പോകുമെന്നും പിന്നാലെ ജമ്മുകശ്മീരിന് സംസ്ഥാന പദവി നല്‍കുമെന്നും ഒരു പൊതുപരിപാടിയില്‍ അമിത് ഷാ വ്യക്തമാക്കി. നേരത്തെ ജമ്മുകശ്മീരിലെ ഗുപ്കാര് സഖ്യവുമായി നടത്തിയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി ഈ ഉറപ്പ് നല്‍കിയിരുന്നു. 

click me!