
ദില്ലി: പൗരത്വ നിയമഭേദഗതിയിൽ ബിജെപിയുടെ ബഹുജന സമ്പർക്ക പരിപാടിക്ക് ഇന്ന് തുടക്കം. ദില്ലിയിൽ നടക്കുന്ന പരിപാടി കേന്ദ്ര ആഭ്യന്തരമന്ത്രിയും പാർട്ടി അധ്യക്ഷനുമായ അമിത് ഷാ ഉദ്ഘാടനം ചെയ്യും. മുപ്പതിനായിരത്തോളം പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുക്കാനെത്തും. ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെ പി നഡ്ഡ, വൈസ് പ്രസിഡന്റ് ശ്യാം ജാജു എന്നിവരും പങ്കെടുക്കും. തിരുവനന്തപുരത്തെ സമ്മേളനത്തിൽ കിരൺ റിജിജു പങ്കെടുക്കും.
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന റാലിയിൽ ബിജെപി അധ്യക്ഷൻ അമിത് ഷാ ഇന്ന് ബൂത്ത് തല പ്രവർത്തകരെ അഭിസംബോധന ചെയ്യും. രാവിലെ 11.30 ക്ക് ഇന്ദിര ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ആണ് സമ്മേളനം. തെരഞ്ഞെടുപ്പ് പ്രചരണത്തിന് പ്രവർത്തകരെ തയ്യാറാക്കുകയാണ് റാലിയുടെ ലക്ഷ്യം. താഴേക്കിടയിലുള്ള പ്രചാരണത്തിന് മുതിർന്ന നേതാക്കൾ നേതൃത്വം നൽകണമെന്ന് ആർ എസ് എസ് നിർദ്ദേശമുണ്ട്. നിയമ ഭേദഗതി പ്രചാരണത്തിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം ടോൾ ഫ്രീ നമ്പറും ബിജെപി പുറത്തിറക്കിയിരുന്നു. മിസ്ഡ് കോളിലൂടെ പിന്തുണ അറിയിക്കണമെന്ന ആഹ്വാനത്തിന് മികച്ച പ്രതികരണ മുണ്ടെന്നാണ് ബിജെപിയുടെ അവകാശവാദം. ഇതിന് പുറമെ രാജ്യവ്യാപകമായി കൂടുതൽ റാലികളും സംഘടിപ്പിക്കും.
കേരളത്തിലെ പ്രചാരണ പരിപാടിക്ക് അമിത് ഷാ തന്നെ നേരിട്ടെത്തുകയാണ്. നിയമത്തെ അനുകൂലിച്ച് രാജ്യമെങ്ങും ബിജെപി സംഘടിപ്പിക്കുന്ന പ്രചാരണത്തിന്‍റെ ഭാഗമായാണ് അമിത് ഷാ കേരളത്തിലും എത്തുന്നത്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുള്ള റാലിയിൽ പങ്കെടുക്കാൻ അമിത് ഷാ ഈ മാസം കേരളത്തിലെത്തും എന്നാണ് വിവരം. പതിനഞ്ചിന് ശേഷം മലബാറിൽ ഷാ പങ്കെടുക്കുന്ന റാലി സംഘടിപ്പിക്കാനാണ് പാര്‍ട്ടി നീക്കം. നിയമത്തെ അനുകൂലിച്ചുള്ള പ്രചാരണം ശക്തമാക്കാൻ ബിജെപി ആർഎസ്എസ് നേതാക്കളുടെ യോഗത്തിൽ തീരുമാനമായി.
Also Read: പൗരത്വ നിയമത്തെ അനുകൂലിച്ച് കേരളത്തില്‍ റാലി നടത്താന്‍ ആര്‍എസ്എസ്-ബിജെപി തീരുമാനം; അമിത് ഷാ എത്തും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam