
ദില്ലി: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ മന്ത്രിസഭയിലെത്തുകയാണെങ്കിൽ ധനകാര്യ വകുപ്പ് ഏറ്റെടുത്തേക്കുമെന്ന് സൂചന.
ആരോഗ്യ പ്രശ്നങ്ങളുള്ള അരുൺ ജയ്റ്റലിക്ക് പകരക്കാരാനായി അമിത് ഷാ എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. അമിത് ഷായുടെ മന്ത്രിസഭാ പ്രവേശനത്തിലും മറ്റ് മന്ത്രിമാരുടെ കാര്യത്തിലും രണ്ട് ദിവസത്തിനുള്ളിൽ തന്നെ തീരുമാനമായേക്കുമെന്നാണ് സൂചന.
ഗുജറാത്തിലെ ഗാന്ധി നഗറിൽ നിന്ന് വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച അമിത്ഷാ മന്ത്രിസഭയിൽ രണ്ടാമനായേക്കും എന്ന ചര്‍ച്ചകൾ സജീവമായി നിലനിൽക്കെയാണ് പുതിയ സൂചനകൾ പുറത്തുവരുന്നത്. എന്നാൽ അമിത്ഷാ മന്ത്രിസഭയുടെ ഭാഗമാകില്ലെങ്കിൽ രാജ്നാഥ് സിംഗ് തന്നെയാകും ആഭ്യന്തര മന്ത്രി.
മെയ് 30 വ്യാഴാഴ്ച രാത്രി ഏഴുമണിക്കാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രണ്ടാം എൻഡിഎ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക. 2014 ലേതിനെക്കാള്‍ വിപുലമായ സത്യപ്രതിജ്ഞാ ചടങ്ങാവും ഇത്തവണ നടക്കുകയെന്നാണ് സൂചന.
ചടങ്ങിലേക്ക് നിരവധി ലോകനേതാക്കൾ അതിഥികളായെത്തിയേക്കുമെന്ന് നേരത്തെ വാര്‍ത്താ ഏജന്‍സികൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാൽ ഏതൊക്കെ ലോകനേതാക്കളാകും സത്യപ്രതിജ്ഞക്കെത്തുകയെന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
മെയ് 31 ന് ആദ്യ മന്ത്രിസഭാ യോഗം ചേരുമെന്നാണ് സൂചന. ഈ യോഗത്തിലാകും 17ാം ലോക്സഭയുടെ ആദ്യ സമ്മേളനം ചേരുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക. എന്നാൽ ജൂൺ ആറിന് 17ാം ലോക്സഭയുടെ ആദ്യ സമ്മേളനം ചേരാൻ അനൗദ്യോഗികമായി തീരുമാനിച്ചിട്ടുണ്ട്. ആറിന് തുടങ്ങുന്ന സഭാ സമ്മേളനം 14 വരെ നീണ്ടുനിൽക്കുമെന്നാണ് സുചന
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam