നിയമസഭകളില്‍ തുടര്‍ച്ചയായി തോല്‍വി: ബിജെപിയില്‍ അതൃപ്തി പുകയുന്നു

By Web TeamFirst Published Feb 12, 2020, 7:50 PM IST
Highlights

 നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് ഇരുപത്തിനാല് മണിക്കൂർ പിന്നിടുമ്പോഴും മൗനം തുടർന്ന് അമിത് ഷാ

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് ഇരുപത്തിനാല് മണിക്കൂർ പിന്നിടുമ്പോഴും മൗനം തുടർന്ന് അമിത് ഷാ. സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി പുതിയ തന്ത്രങ്ങളും സമീപനവും സ്വീകരിക്കണമെന്ന വികാരം പാർട്ടിക്കുള്ളിൽ ശക്തമാകുമ്പോഴാണ് അമിത് ഷായുടെ മൗനം തുടരുന്നത്. 

ദില്ലി തെര‍ഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖം അമിത് ഷാ ആയിരുന്നു. 35 പൊതുയോഗങ്ങളും റോഡ് ഷോകളുമായി അമിത് ഷാ പ്രചാരണം കൈയ്യിലെടുത്തു. അരവിന്ദ് കെജ്രിവാളിന്‍റെ വൻ മുന്നേറ്റത്തിൽ തിരിച്ചടിയേറ്റ ഷാ ഇതു വരെ ദില്ലിയിലെ തെര‍ഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. 

മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ ബിജെപി ദില്ലിയിൽ നേടിയത് 56 ശതമാനം വോട്ടാണ്. എഴു മണ്ഡലങ്ങളും വലിയ ഭൂരിപക്ഷത്തിൽ തൂത്തു വാരി. അന്ന് പതിനെട്ട് ശതമാനം മാത്രം വോട്ട് നേടിയ അരവിന്ദ് കെജ്രിവാൾ 35 ശതമാനം വോട്ടർമാരെക്കൂടി ഇത്തവണ ഒപ്പം കൊണ്ടു വന്നു. ബിജെപിക്ക് എട്ടു മാസത്തിനിടെ പതിനെട്ട് ശതമാനം വോട്ട് നഷ്ടമായതെങ്ങനെ എന്ന് പാർട്ടിക്ക് വിശദീകരിക്കാനാകുന്നില്ല. സംസ്ഥാനങ്ങളിൽ തുടർച്ചയായി തോൽക്കുന്നതിൽ പരിശോധന വേണം എന്ന വികാരം പാർട്ടിക്കുള്ളിൽ ശക്തമാണ്. അതൃപ്തിയുള്ള നേതാക്കൾ പരസ്യമായി പ്രതികരണത്തിന് തയ്യാറല്ലെന്ന് മാത്രം. 

ദേശീയ തെരഞ്ഞെടുപ്പിന് സമാനമായ പ്രചാരണം കൊണ്ട് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കാര്യമില്ലെന്നാണ് പല മുതിർന്ന നേതാക്കളുടെയും നിലപാട്. യെദ്യൂരപ്പയും യോഗി ആദിത്യനാഥും പോലെ ശക്തരായ നേതാക്കളെ പ്രാദേശിക തലത്തില്‍ വളര്‍ത്തി കൊണ്ടു വരാതെ മോദിയേയും അമിത് ഷായേയും മാത്രം മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പുകള്‍ നേരിടുന്ന ഇനിയെങ്കിലും മാറണം എന്ന അഭിപ്രായം പല നേതാക്കള്‍ക്കുമുണ്ട്. 

ദില്ലിയിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ മനോജ് തിവാരിയുടെ രാജി വച്ചെങ്കിലും നേതൃത്വം രാജി സ്വീകരിച്ചിട്ടില്ല. പുനസംഘനടയ്ക്കായി കാത്തിരിക്കാനാണ് ദില്ലിയിലെ ബിജെപി നേതാക്കള്‍ക്ക് കേന്ദ്ര നേതൃത്വം നിർദ്ദേശം നല്‍കിയിരിക്കുന്നത്.  
പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെപി നഡ്ഡ ഇന്ന് ജനറൽ സെക്രട്ടറിമാരെ കണ്ടു ചര്‍ച്ച നടത്തിയിട്ടുണ്ട്. 

ബീഹാറിൽ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാര്‍ എൻഡിഎ വിടാൻ ആലോചിക്കുന്നു എന്ന റിപ്പോർട്ടുകള്‍ ഇതിനോടകം പുറത്തു വന്നു തുടങ്ങിയിട്ടുണ്ട്. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമബംഗാളിലും കേരളത്തിലും തമിഴ്നാട്ടിലും പാര്‍ട്ടിക്ക് മുന്നോട്ട് വയ്ക്കാന്‍ ശക്തരായ നേതാക്കളില്ല എന്നതും ബിജെപിയുടെ ആശങ്കയേറ്റുന്നു. 

 

click me!