ഉംപുൺ: ഒഡിഷയും സന്ദർശിച്ച് മോദി, സഹായം 500 കോടി; പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിൽ വ്യക്തതയില്ലെന്ന് മമത

By Web TeamFirst Published May 22, 2020, 8:27 PM IST
Highlights

ഉംപുണ്‍ ചുഴലിക്കാറ്റിൽ 80 പേരാണ് മരിച്ചത്. ഇതിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികൾ ആവശ്യപ്പെട്ടു

ദില്ലി: ഉംപുൺ ചുഴലിക്കാറ്റില്‍ നാശനഷ്ടം ഉണ്ടായ ഒഡിഷയും പ്രധാനമന്ത്രി സന്ദർശിച്ചു.  സംസ്ഥാനത്തിന് 500 കോടിയുടെ സഹായവും പ്രഖ്യാപിച്ചു. പശ്ചിമ ബംഗാളിന് ആയിരം കോടിയുടെ സഹായം പ്രഖ്യാപിച്ച ശേഷമാണ് അദ്ദേഹം ഒഡിഷയിലേക്ക് പോയത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ വ്യക്തതയില്ലെന്ന വിമർശനവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി. 

ഉംപുണ്‍ ചുഴലിക്കാറ്റിൽ 80 പേരാണ് മരിച്ചത്. ഇതിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികൾ ആവശ്യപ്പെട്ടു. രാഷ്ട്രീയം നോക്കാതെ സഹായിക്കണമെന്ന മമതയുടെ അഭ്യർത്ഥനയ്ക്ക് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ ബംഗാള്‍ സന്ദര്‍ശനം. കൊല്‍ക്കത്ത, നോര്‍ത്ത്, സൗത്ത് പര്‍ഗനാസ് ജില്ലകളില്‍ വ്യോമനിരീക്ഷണം നടത്തിയ പ്രധാനമന്ത്രിയോട് ഒരു ലക്ഷം കോടിയുടെ നാശനഷ്ടമുണ്ടെന്ന് ബംഗാള്‍ സർക്കാർ അറിയിച്ചു.

ഭക്ഷ്യ സബ്‌സിഡി അടക്കം സംസ്ഥാനത്തിന് അവകാശപ്പെട്ട 5900 കോടി രൂപ കേന്ദ്രത്തിന്‍റെ പക്കലുണ്ട്. ഉദാരമായി സഹായിക്കണമെന്നും മമത ആവശ്യപ്പെട്ടു. അടിയന്തര ധനസഹായമായി ആയിരം കോടി അനുവദിച്ചതിന് പുറമെ മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ടു ലക്ഷവും പരിക്കേറ്റവര്‍ക്ക് 50000 രൂപയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നാശനഷ്ടങ്ങളുടെ കണക്കെടുക്കാന്‍ കേന്ദ്ര സംഘത്തെ അയക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആയിരം കോടി മുന്‍കൂര്‍ ധനസഹായമാണോ പാക്കേജാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നായിരുന്നു മമതയുടെ പ്രതികരണം. 

ദുരിതബാധിതരെ സഹായിക്കാന്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും കടമയുണ്ടെന്നും ഏറ്റുമുട്ടലിന്‍റെ സൂചന നല്‍കി മമത ഓര്‍മ്മിപ്പിച്ചു. കൊവിഡ് പ്രതിരോധമടക്കമുള്ള വിഷയങ്ങളില്‍ ബംഗാളും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് ഉംപുണ്‍ നാശം വിതച്ചത്. ബംഗാളിന് കൈത്താങ്ങ് നല്‍കണമെന്ന അഭ്യർത്ഥനയുമായി കേരളവും രംഗത്തെത്തിയിരുന്നു. ഉച്ചതിരിഞ്ഞ് ഒഡീഷയിലെത്തിയ പ്രധാനമന്ത്രി ദുരിതം നാശം വിതച്ച തീരദേശ ജില്ലകളില്‍ വ്യോമ നിരീക്ഷണം നടത്തി. ഒരുലക്ഷം ഹെക്ടര്‍ സ്ഥലത്ത് കൃഷിനാശമുണ്ടായെന്നും 45 ലക്ഷം പേരെ ദുരിതം ബാധിച്ചെന്നുമാണ് ഒഡീഷ സർക്കാർ പ്രധാനമന്ത്രിയെ അറിയിച്ചത്.

click me!