
അമ്രോഹ: പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ ടവൽ മറന്നു വെച്ച് ഡോക്ടർ. ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിൽ ആണ് സംഭവം നടന്നത്. പ്രസവ ശേഷവും വയറുവേദനിക്കുന്നു എന്ന് യുവതി പരാതിപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ല. വയറ് വേദനയുടെ കാരണം എന്താണെന്ന് പോലും പരിശോധിക്കാതെ, അത് തണുപ്പു കാരണമാണെന്നു പറഞ്ഞ് ഡിസ്ചാർജ് ചെയ്യുകയായിരുന്നു. വീട്ടിലെത്തിയ ശേഷവും വേദന ശമിക്കാതെ വന്നതോടെ യുവതി മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഈ ആശുപത്രിയിലെ പരിശോധനയിലാണ് യുവതിയുടെ വയറ്റിൽ നിന്ന് ടവൽ കണ്ടെടുത്തത്. ഇതോടെ സംഭവം വലിയ വാർത്തയായി മാറുകയായിരുന്നു. ശസ്ത്രക്രിയക്കിടെ അനാസ്ഥ കാട്ടിയ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി. ഇതിന് പിന്നാലെ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അമ്രോഹ സി എം ഒ ഡോ. രാജീവ് സിംഗളാണ് സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചത്.
അതേസമയം തമിഴ്നാട് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത മയിലാടുതുറയിൽ പാമ്പുകടിയേറ്റ് ആശുപത്രിയിലെത്തിച്ച കുട്ടിക്ക് ചികിത്സ കിട്ടാതെ മരിച്ചുവെന്നാരോപിച്ച് ആശുപത്രിക്ക് മുമ്പിൽ നാട്ടുകാർ വലിയ പ്രതിഷേധം നടത്തി എന്നതാണ്. ബോധരഹിതനായി ആശുപത്രിയിലെത്തിച്ച കുട്ടി അബദ്ധത്തിൽ ലഹരിവസ്തുക്കളെന്തോ ശ്വസിച്ചതാണ് എന്നറിയിച്ച് ചികിത്സ നൽകിയില്ല എന്നാണ് ഇവരുടെ പരാതി. ആരോഗ്യനില വഷളായ കുട്ടി പിറ്റേദിവസം തിരുവാരൂർ സർക്കാർ ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു. മയിലാടുതുറ ആശുപത്രിയിലെ ഡോക്ടറുടെ അനാസ്ഥയാണ് കുട്ടിയുടെ മരണകാരണം എന്നാരോപിച്ച് ക്ഷുഭിതരായ ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ചു. മയിലാടുതുറ ചിദംബരം റോഡിൽ നാല് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ജില്ലാ പൊലീസ് മേധാവിയും ജില്ലാ കളക്ടറും ചർച്ച നടത്തിയതിന് ശേഷമാണ് നാട്ടുകാർ സമരം അവസാനിപ്പിച്ചത്. പ്രത്യേക അന്വേഷണസംഘം പരാതി അന്വേഷിക്കുമെന്ന് ജില്ലാ കളക്ടർ ലളിത പറഞ്ഞു. കുട്ടിയുടെ കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകുന്ന കാര്യം സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും കളക്ടർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam