
ന്യൂഡൽഹി: മുതിർന്ന അഭിഭാഷകൻ കപിൽ സിബലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേന്ദ്ര സർക്കാരിനും പോലീസിനുമെതിരെ രൂക്ഷവിമർശനവുമായി ഇൻഫ്ലുവൻസര്‍ ധ്രുവ് റാഠി. മാധ്യമങ്ങളെ കണ്ട അദ്ദേഹം, രാജ്യത്ത് നിലവിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് ആരോപിച്ചു. തന്റെ ആദ്യ വാർത്താസമ്മേളനമാണിതെന്നും എന്നാൽ കഴിഞ്ഞ 10 വർഷമായി നമ്മുടെ പ്രധാനമന്ത്രി ഒരു വാർത്താസമ്മേളനം പോലും നടത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തന്റേത് കേവലം കസ്റ്റഡിയിലെടുക്കൽ ആയിരുന്നില്ലെന്നും പോലീസ് തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും ധ്രുവ് റാഠി ആരോപിച്ചു. 20-ഓളം പോലീസുകാർ വീട്ടുതടങ്കൽ പോലെ വീട്ടിൽ ഇരച്ചുകയറി ഉപദ്രവിക്കുകയായിരുന്നു. ഇതിൽ പലർക്കും യൂണിഫോം പോലും ഉണ്ടായിരുന്നില്ല. അച്ഛനും അമ്മയും വീട്ടിലുള്ളപ്പോഴായിരുന്നു ഈ അതിക്രമം. ഒരു ഗുണ്ടയോടെന്ന പോലെയാണ് പോലീസ് പെരുമാറിയത്. ചെരുപ്പിടാനോ വെള്ളം കുടിക്കാനോ പോലും അനുവദിച്ചില്ലെന്നും ഫോൺ പിടിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു. താൻ ഇന്ത്യൻ പൗരനല്ലെന്ന രീതിയിൽ നടക്കുന്ന പ്രചാരണങ്ങൾ തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഗൂഗിൾ ചെയ്താൽ തന്നെ സത്യം മനസ്സിലാക്കാം എന്നും തന്റെ പാസ്‌പോർട്ടിൽ 'ഇന്ത്യൻ' എന്ന് തന്നെയാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളും വോട്ട് ചോർച്ചയുമായി (വോട്ട് ചോരി) ബന്ധപ്പെട്ട നിയമവശങ്ങളും ചോദിച്ചറിയാനാണ് കപിൽ സിബലുമായി ചർച്ച നടത്തിയത്. രാജ്യത്തിന് നിഷ്പക്ഷരായ തിരഞ്ഞെടുപ്പ് കമ്മീഷണർമാർ വേണമെന്നും പ്രതിഷേധങ്ങൾ അക്രമസക്തമാകണമെന്നാണ് ബി.ജെ.പി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എത്ര അടിച്ചമർത്തിയാലും സമരം ശക്തമായി തുടരും. വരുംദിവസങ്ങളിൽ സംയുക്ത പ്രതിഷേധങ്ങളാണ് ആവശ്യം. ഭാവിയിലെ പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമാകണോ എന്ന് ആലോചിക്കുമെന്നും എന്നാൽ താൻ ഒരു രാഷ്ട്രീയ പാർട്ടിയിലേക്കും ഇല്ലെന്നും ധ്രുവ് റാഠി വ്യക്തമാക്കി. പ്രധാനമന്ത്രിക്ക് എല്ലാവരെയും പേടിയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam