
മുംബൈ: തനിക്ക് സഹോദരനില്ലായിരുന്നു, ശിവത്തിന് സഹോദരിയും. എന്നാൽ ഇനി എല്ലാ വർഷവും താൻ ശിവത്തിന് രാഖി കെട്ടുമെന്നും, തങ്ങൾ സഹോദരങ്ങളാണെന്നും നിറകണ്ണുകളോടെ പറയുകയാണ് അനമ്ത അഹമ്മദ്. കഴിഞ്ഞ ശനിയാഴ്ച രാഖി ബന്ധൻ ആഘോഷത്തിൽ ഇരു കുടുംബങ്ങളും ആനന്ദക്കണ്ണീരോടെ പരസ്പരം കൈകളിൽ അവര്‍ രാഖി കെട്ടി.
കഴിഞ്ഞ വർഷമാണ് മുംബൈയിൽ നിന്നുള്ള അനമ്ത അഹമ്മദും ഗുജറാത്തിലെ വൽസാദിൽ നിന്നുള്ള ശിവം മിസ്ത്രിയും തമ്മിലുള്ള സാഹോദര്യത്തിന്റെ കഥയുടെ തുടക്കം. ശിവത്തിന്റെ മരിച്ചുപോയ സഹോദരി റിയയുടെ കൈ അനമ്തയ്ക്ക് വെച്ചുപിടിപ്പിച്ചതോടെയായിരുന്നു ആ ബന്ധത്തിന്റെ തുടക്കം. 2022 ഒക്ടോബർ 30-നാണ് അലിഗഢിലെ ഒരു ബന്ധുവീട്ടിൽ വെച്ച് 11,000 കിലോവാട്ട് ഹൈ-ടെൻഷൻ കേബിളിൽ നിന്ന് ഷോക്കടിച്ച് അനമ്തയുടെ വലതുകൈ നഷ്ടമായത്. തുടർന്ന് വലിയ ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾ അനമ്ത അനുഭവിച്ചു.
2024 സെപ്റ്റംബർ 14-നായിരുന്നു റിയ തലവേദനയെ തുടർന്ന് കുഴഞ്ഞുവീഴുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സെപ്റ്റംബർ 15-ന് തലച്ചോറിലെ രക്തസ്രാവം മൂലം റിയ മരണപ്പെട്ടു. മകളുടെ മരണത്തിൽ തളർന്നു പോയ കുടുംബത്തിന് അവയവദാനമെന്ന ആശയത്തെക്കുറിച്ച് ഡോ. ഉഷ മാഷ്റി പറഞ്ഞു മനസ്സിലാക്കി. റിയയുടെ ആഗ്രഹം കൂടി പരിഗണിച്ച് കുടുംബം അവയവദാനത്തിന് സമ്മതം മൂളി. റിയയുടെ കൈ, വൃക്കകൾ, കരൾ, ശ്വാസകോശം, കുടൽ, കോർണിയ എന്നിവ ദാനം ചെയ്തു.
പിന്നീട് റിയയുടെ വലതുകൈ മുംബൈയിലേക്ക് എത്തിച്ചു. ഗ്ലോബൽ ആശുപത്രിയിൽ വെച്ച് അനമ്തയ്ക്ക് വെച്ചുപിടിപ്പിക്കുകയും ചെയ്തു. ഇതോടെ ലോകത്ത് തോളോടു ചേർന്ന് കൈ വെച്ചുപിടിപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി അനമ്ത മാറി. അവയവ ദാന രംഗത്ത് പ്രവർത്തിക്കുന്ന 'ഡൊണേറ്റ് ലൈഫ് എൻ.ജി.ഒ' പ്രസിഡൻ്റ് നിലേഷ് മണ്ഡലേവാല പറയുന്നു.
മകൾക്ക് സംഭവിച്ച ദുരന്തത്തിൽ നിന്ന് കരകയറിയിട്ടില്ലെങ്കിലും, അനമ്തയെ കാണുമ്പോൾ തങ്ങൾക്ക് സന്തോഷം തോന്നാറുണ്ടെന്ന് ശിവത്തിൻ്റെ അമ്മ തൃഷ്ണ മിസ്ത്രി പറയുന്നു. 'ഒരു മകളെ നഷ്ടപ്പെട്ടതിന്റെ സങ്കടം മാറിയിട്ടില്ല, പക്ഷെ ഞങ്ങൾക്ക് മറ്റൊരു മകളെ കിട്ടി,' എന്നായിരുന്നു തൃഷ്ണയുടെ വാക്കുകൾ. ഈ കഴിഞ്ഞ ശനിയാഴ്ച വൽസാദിലെ തീഥൽ ബീച്ച് റോഡിൽ വെച്ചാണ് അനമ്തയും ശിവവും കണ്ടുമുട്ടിയത്. തന്റെ പ്രിയപ്പെട്ട സഹോദരി രാഖി കെട്ടി തരുന്നതായി തനിക്ക് തോന്നിയെന്ന് ശിവം പറഞ്ഞു. "ഇനി മുതൽ ഞാൻ അനമ്ത മാത്രമല്ല, റിയ കൂടിയാണ്," നിറഞ്ഞ സന്തോഷത്തോടെ അനമ്തയും പറഞ്ഞു.