Demonetisation | കാളയുടെ തലയില്‍ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യാനുള്ള പേപ്പര്‍; വൈറലായി ഈ തെരുവുകലാകാരന്‍

By Web TeamFirst Published Nov 8, 2021, 9:31 AM IST
Highlights

രാജ്യത്തെ വലിയൊരു വിഭാഗം ആളുകളും ഡിജിറ്റല്‍ പേയ്മെന്‍റിലേക്ക് തിരിഞ്ഞെന്ന് സൂചിപ്പിക്കുന്ന വീഡിയോയുമായി ആനന്ദ് മഹീന്ദ്ര.

നോട്ട് നിരോധനത്തിന്‍റെ അഞ്ചാം വര്‍ഷത്തിലെത്തുമ്പോള്‍ രാജ്യത്തെ വലിയൊരു വിഭാഗം ആളുകളും ഡിജിറ്റല്‍ പേയ്മെന്‍റിലേക്ക് തിരിഞ്ഞെന്ന് സൂചിപ്പിക്കുന്ന വീഡിയോയുമായി ആനന്ദ് മഹീന്ദ്ര. യുപിഐ പേയ്മെന്‍റിലൂടെ പണം സ്വീകരിക്കുന്ന തെരുവുകലാകാരന്‍റെ വീഡിയോയാണ് ആനന്ദ് മഹീന്ദ്ര ട്വീറ്റ്  ചെയ്തിട്ടുള്ളത്. അലങ്കരിച്ച കാളയുടെ നെറ്റിയിലാണ് ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യാനുള്ള പേപ്പര്‍ തൂക്കിയിട്ടുള്ളത്. കുഴലൂതി കാളയ്ക്കൊപ്പം നിക്കുന്ന തെരുവുകലാകാരനേയും വീഡിയോയില്‍ കാണാന്‍ സാധിക്കും.

Do you need any more evidence of the large-scale conversion to digital payments in India?! pic.twitter.com/0yDJSR6ITA

— anand mahindra (@anandmahindra)

തെരുവുകലാകാരന് ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് പണം കൈമാറുന്ന ആളെയും വീഡിയോയില്‍ കാണാന്‍ കഴിയും. ആന്ധ്രപ്രദേശില്‍ നിന്നുള്ളതാണ് ദൃശ്യങ്ങളെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗോത്രവിഭാഗമായ ഗംഗിറെഡ്ഡുലുവിലുള്ള ആളുകളാണ് ഈ തെരുവുകലാകാരനെന്നും ദേശീയമാധ്യമങ്ങള്‍ വിശദമാക്കുന്നു. തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലാണ് ഈ ഗോത്രവിഭാഗമുള്ളതെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു.രാജ്യത്ത് എവിടെയും തടസമോ ബുദ്ധിമുട്ടോ കൂടാതെ ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ ധനകൈമാറ്റം നടക്കുമെന്ന സൂചനയും മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ വീഡിയോയിലൂടെ വിശദമാക്കുന്നുണ്ട്. ട്വീറ്റിന് അനുകൂലവും പ്രതികൂലവുമായി നിരവധിപ്പേരാണ് പ്രതികരിക്കുന്നത്. രാജ്യത്ത് വികസനമെത്തേണ്ട വിവിധ മേഖലകളും മറുപടികളില്‍ ചിലര്‍ ആനന്ദ് മഹീന്ദ്രയെ ചൂണ്ടിക്കാണിക്കുന്നുണ്ട്.

2016 നവംബര്‍ 8-ന് രാത്രി എട്ട് മണിക്കായിരുന്നു നോട്ട് നിരോധിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. ആയിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകൾ അര്‍ദ്ധരാത്രി മുതൽ നിരോധിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ നോട്ടുകള്‍ മാറിയെടുക്കാന്‍ ജനത്തിന് കടുത്ത ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിയും വന്നിരുന്നു. നോട്ട് നിരോധനം അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴും നോട്ടുകൾ തിരിച്ചെത്തിയത് സംബന്ധിച്ച യഥാര്‍ത്ഥ കണക്കുകൾ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ കള്ളപ്പണം തുടച്ചുനീക്കാൻ ലക്ഷ്യമിട്ട നോട്ട് നിരോധനം ഇന്ത്യൻ സമ്പദ്ഘടനയിൽ കാര്യമായ ഒരു മാറ്റവും ഉണ്ടാക്കിയില്ല എന്നാണ് പുറത്തുവരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. ആളുകളുടെ കയ്യിലുള്ള പണം 2016-നെക്കാൾ 57 ശതമാനം കൂടിയെന്നാണ് ആർബിഐയുടെ തന്നെ കണക്കുകള്‍ പറയുന്നത്.

click me!