Latest Videos

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികൾക്ക് നേരെ പാക് വെടിവെപ്പ്: സ്ഥിതി വിലയിരുത്തി കേന്ദ്രം

By Web TeamFirst Published Nov 8, 2021, 7:58 AM IST
Highlights

ഗുജറാത്തിലെ ദ്വാരക തീരത്തിന് സമീപത്തെ അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയിലാണ് സംഭവം. ശ്രീധര്‍ എന്ന മത്സ്യത്തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം.
 

ദില്ലി: പാക് നാവിക സേന (Pakistan Navy) ഇന്ത്യന്‍ മത്സ്യ തൊഴിലാളികളെ (Indian Fishermen) വെടിവെച്ച സംഭവത്തിന്റെ സാഹചര്യം വിലയിരുത്തി കേന്ദ്ര വിദേശകാര്യ മന്ത്രാലയം(Indian external affairs). വിഷയം ഗൗരവമായി എടുക്കുന്നതായും നയതന്ത്ര തലത്തില്‍ ഉന്നയിക്കുമെന്നും വിദേശ കാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട ബോട്ടില്‍ നിന്ന് കരയ്ക്ക് എത്തിച്ച മത്സ്യ തൊഴിലാളികളോട് വിവരങ്ങള്‍ ചോദിച്ചറിയുകയാണെന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി. സംഭവത്തില്‍ ഗുജറാത്ത് പൊലീസും അന്വേഷണം നടത്തുന്നുണ്ട്. ഇന്നലെ രാവിലെ ഗുജറാജ് തീരത്ത് വെച്ചാണ് പാക് നാവിക സേനയുടെ വെടിയേറ്റ് ഒരു മത്സ്യ തൊഴിലാളി മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. 

ഗുജറാത്ത് പ്രാദേശിക മാധ്യമങ്ങളാണ് ആദ്യം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ആറ് മത്സ്യത്തൊഴിലാളികളെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ഒരാള്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റെന്നും റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തിലെ ദ്വാരക തീരത്തിന് സമീപത്തെ അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയിലാണ് സംഭവം. ശ്രീധര്‍ എന്ന മത്സ്യത്തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. ജല്‍പാരി എന്ന ബോട്ടിന് നേരെ പാക് നാവിക സേന അകാരണമായി വെടിവെക്കുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന ആറുപേരെ പാക് നാവിക സേന കസ്റ്റഡിയിലെടുത്തെന്നും ഇതില്‍ ഒരാള്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റെന്നും റിപ്പോര്‍ട്ട് ചെയ്തു.

ഇതേപ്രദേശത്ത് മുമ്പും പാക് നാവികസേന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളോട് പ്രകോപനപരമായി പെരുമാറിയിട്ടുണ്ട്. 2013ല്‍ പാക് നാവികസേനയുടെ വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ വര്‍ഷം 11 പേരെ പാക് നാവികസേന അറസ്റ്റ് ചെയ്യുകയും ചെയ്തു.
 

click me!