സെപ്റ്റംബര്‍ അഞ്ച് മുതല്‍ സ്‌കൂളുകള്‍ തുറക്കുമെന്ന് ആന്ധ്ര സര്‍ക്കാര്‍

By Web TeamFirst Published Jul 22, 2020, 9:37 AM IST
Highlights

സെപ്റ്റംബര്‍ അഞ്ചിലെ അവസ്ഥയനുസരിച്ചായിരിക്കും അന്തിമ തീരുമാനമെന്നും മന്ത്രിമാര്‍ പറഞ്ഞു.
 

അമരാവതി: സെപ്റ്റംബര്‍ അഞ്ച് മുതല്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. അപ്പോഴത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ചായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്നും സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് മുഖ്യമന്ത്രി ജഗമോഹന്‍ റെഡ്ഡിയും വിദ്യാഭ്യാസമന്ത്രി ആദിമുലാപ്പു സുരേഷും ഇക്കാര്യം പറഞ്ഞത്. സെപ്റ്റംബര്‍ അഞ്ചിലെ അവസ്ഥയനുസരിച്ചായിരിക്കും അന്തിമ തീരുമാനമെന്നും മന്ത്രിമാര്‍ പറഞ്ഞു.

സ്‌കൂള്‍ തുറക്കുന്നതുവരെയുള്ള ഉച്ചഭക്ഷണവും റേഷനും വിദ്യാര്‍ത്ഥികള്‍ക്ക് വീടുകളില്‍ വിതരണം ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചു.  അടുത്ത അധ്യയന വര്‍ഷം മുതല്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ എല്‍കെജി, യുകെജി ആരംഭിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

കൊവിഡ് വ്യാപനത്തിന് ശേഷം ആദ്യമായാണ് ഒരു സര്‍ക്കാര്‍ സ്‌കൂള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. നേരത്തെ, ആഗസ്റ്റില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍, ലോക്ക്ഡൗണിന് ശേഷം കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് പിന്നീട് ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടില്ല. 
 

click me!