ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി; ആന്ധ്രാപ്രദേശ് മന്ത്രിയെ വീട്ടുതടങ്കലിലാക്കാന്‍ ഉത്തരവിട്ട് തെര. കമ്മീഷന്‍

By Web TeamFirst Published Feb 6, 2021, 6:56 PM IST
Highlights

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശം പാലിക്കരുതെന്നും അല്ലാത്തവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നുമായിരുന്നു പഞ്ചായത്തീരാജ് മന്ത്രികൂടിയായ രാമചന്ദ്ര റെഡ്ഡിയുടെ ഭീഷണി.

ഹൈദരാബാദ്: ആന്ധ്രപ്രദേശ് ഗ്രാമവികസന മന്ത്രിയെ വീട്ടുതടങ്കലിലാക്കാന്‍ ഉത്തരവിട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഗ്രാമവികസന മന്ത്രി രാമചന്ദ്ര റെഡ്ഡിയെ ആണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിമ്മഗഡ രമേഷ് കുമാര്‍ വീട്ടുതടങ്കലിലാക്കാന്‍ ഉത്തരവിട്ടത്. മന്ത്രി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് നടപടി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മന്ത്രി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍, ഗുണ്ടൂര്‍ ജില്ലകളിലെ പഞ്ചായത്തുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ ജയിച്ച സ്ഥാനാര്‍ത്ഥികളുടെ ഫലപ്രഖ്യാപനം നിര്‍ത്തി വയ്ക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശം പാലിക്കരുതെന്നും അല്ലാത്തവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നുമായിരുന്നു പഞ്ചായത്തീരാജ് മന്ത്രികൂടിയായ രാമചന്ദ്ര റെഡ്ഡിയുടെ ഭീഷണി. ജില്ലാ കളക്ടറെയും റിട്ടേണിംഗ് ഓഫീസര്‍മാരെയുമടക്കം മന്ത്രി ഭീഷണിപ്പെടുത്തി.

സംഭവം പുറത്തറിഞ്ഞതോടെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ മന്ത്രിക്കെതിരെ നടപടിയെടുത്തത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് തീരുന്ന ഫെബ്രുവരി 21 വരെ മന്ത്രിയുടെ വീട് പോലീസ് നിയന്ത്രണത്തിലായിരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പൊലീസിന് നിര്‍ദേശം  നല്‍കി. തന്റെ നിര്‍ദേശം പാലിക്കാത്ത ഉദ്യോഗസ്ഥരെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്നും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആ സ്ഥാനത്ത് മാര്‍ച്ച് 31 വരയേ ഉണ്ടാവൂ, എന്നാല്‍  വൈ.എസ്.ആര്‍ സര്‍ക്കാര്‍ അതുകഴിഞ്ഞും ഉണ്ടാവുമെന്നായിരുന്നു മന്ത്രിയുടെ ഭീഷണി.

മന്ത്രിക്ക് മാധ്യങ്ങളെ കാണാനോ പരസ്യപ്രസ്താവന നടത്താനോ ഇനി അധികാരമില്ല. എന്നാല്‍ മന്ത്രിയെന്ന നിലയ്ക്ക് ഔദ്യോഗിക കാര്യങ്ങളില്‍ ഏര്‍പ്പെടാമെന്ന്  തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.  അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം പാലിക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

click me!