ബംഗാളിൽ തൃണമൂലും ബിജെപിയും നേർക്കുനേർ, 'ജനയാത്ര'യും 'രഥയാത്ര'യും ഏറ്റുമുട്ടുമോ?

By Web TeamFirst Published Feb 6, 2021, 5:22 PM IST
Highlights

നാദിയ ജില്ലാ ഭരണകൂടം ബിജെപിയുടെ രഥയാത്രയ്ക്ക് അനുമതി നിഷേധിച്ചിരിക്കുകയാണ്. വിലക്ക് ലംഘിച്ചും രഥയാത്ര നടത്തുകയാണ് ബിജെപി. അതേ വഴിയിലൂടെയാണ് തൃണമൂൽ കോൺഗ്രസ് ജൻ സമർത്ഥൻ യാത്രയെന്ന പ്രചാരണപരിപാടിയും നിശ്ചയിച്ചിരിക്കുന്നത്.

കൊൽക്കത്ത: പശ്ചിമബംഗാളിലെ നാദിയ ജില്ലയിൽ നിന്ന് ജില്ലാ ഭരണകൂടത്തിന്‍റെ വിലക്ക് ലംഘിച്ച് ബിജെപിയുടെ രഥയാത്ര തുടങ്ങി. രഥയാത്ര വിലക്കിയത് മമതാ ബാനർജിക്ക് ബിജെപിയെ പേടിയായതുകൊണ്ടെന്ന് പരിഹസിച്ച ബിജെപി ദേശീയാധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്ര പദ്ധതികള്‍ക്ക് തുരങ്കം വയ്ക്കുന്ന മമത ബാനർജി ബംഗാളിലെ കര്‍ഷകരെ വഞ്ചിച്ചെന്നും ആരോപിച്ചു.

രഥയാത്രയെ പ്രതിരോധിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്ന ജൻസമർത്ഥൻ യാത്രക്കും ഇതോടൊപ്പം തന്നെ തുടക്കം കുറിച്ചു. രഥയാത്ര നിശ്ചയിച്ചിരിക്കുന്ന അതേ റൂട്ടിലാണ് ജനസമർത്ഥൻ യാത്ര മുന്നേറുന്നത്. ദിവസങ്ങൾ നീളുന്ന പ്രചാരണപരിപാടികളിൽ എവിടെയെങ്കിലും വച്ച് ഇരുയാത്രകളും ഒരുമിച്ച് വന്നാൽ സംഘർഷസാധ്യത കണക്കിലെടുത്ത് വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 

പശ്ചിമബംഗാള്‍ പിടിക്കാന്‍ പ്രധനമന്ത്രിയടക്കം കളത്തിലിറങ്ങി നടത്തുന്ന പ്രചാരണത്തിന്‍റെ തുടര്‍ച്ചയാണ് ഒരു മാസം നീണ്ടു നില്‍ക്കുന്ന രഥയാത്ര. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ  ഫ്ലാഗ് ഓഫ് ചെയ്ത രഥയാത്ര നാദിയ ജില്ലയില്‍  നിന്ന് തുടങ്ങുന്ന അതേ സമയം മോട്ടോര്‍ സൈക്കിള്‍ റാലിയുമായി തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തിറങ്ങിയത് ക്രമസമാധാനത്തിന് ചെറിയ വെല്ലുവിളിയല്ല ഉയർത്തുന്നത്. നേരത്തെ നടന്ന റാലിയില്‍ ബിജെപി ദേശീയ അധ്യക്ഷനെതിരെ ആക്രമണമുണ്ടായത് വിവാദമായിരുന്നു. 

ദീദിയ്ക്ക് 'ടാറ്റ' കൊടുക്കുമെന്ന് നദ്ദ

പരമ്പരാഗത ചുവന്ന വസ്ത്രമായ ഗംചയണിഞ്ഞാണ് ജെപി നദ്ദ ഇന്ന് രഥയാത്ര ഉദ്ഘാടനം ചെയ്യാനെത്തിയത്. വരുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ പശ്ചിമബംഗാളിലെ ജനം ദീദിയ്ക്ക് ടാറ്റ നൽകുമെന്നാണ് ബിജെപി അധ്യക്ഷൻ പരിഹസിച്ചത്. പശ്ചിമബംഗാളിൽ ടാറ്റയെന്നാൽ തമാശവാക്ക് മാത്രമല്ല മമതയ്ക്ക്. നന്ദിഗ്രാമിലെ ടാറ്റ ഫാക്ടറിക്കെതിരെ മമത നയിച്ച സമരമാണ് അവരെ 34 വർഷത്തെ സിപിഎം ഭരണം അവസാനിപ്പിച്ച് അധികാരത്തിലെത്തിച്ചത്, പത്ത് വർഷം മുമ്പ്. ഏപ്രിലിൽ പശ്ചിമബംഗാൾ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. 

രഥയാത്ര തുടങ്ങുന്നതിന് മുമ്പ് നദ്ദ ബിജെപി സംസ്ഥാനാധ്യക്ഷൻ ദിലീപ് ഘോഷിനൊപ്പം നടത്തിയ ഒരു കിലോമീറ്റർ റാലിയിലും ആയിരങ്ങളാണ് പങ്കെടുത്തത്. നാദിയ ജില്ലയിൽ 15-ാം നൂറ്റാണ്ടിലെ ഹിന്ദു ആചാര്യനായിരുന്ന ചൈതന്യമഹാപ്രഭുവിന്‍റെ ജന്മസ്ഥലമായ നബദ്വീപിൽ നിന്നാണ് നദ്ദ യാത്ര തുടങ്ങിയത്. ബംഗാളിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി അഞ്ച് രഥയാത്രകളാണ് ബിജെപി നടത്തുന്നത്. ഏത് വിധേനയും ബംഗാൾ ഭരണം പിടിക്കുകയെന്നതാണ് ഇത്തവണ ബിജെപിയുടെ ലക്ഷ്യം. അതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അടക്കം സജീവമായി കളത്തിലിറക്കി കളിക്കുകയാണ് പാർട്ടി. 

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഞായറാഴ്ച വീണ്ടും പ്രധാനമന്ത്രി ബംഗാളിലെത്തുന്നുണ്ട്. 18-നും മോദിയുടെ റാലിയുണ്ട്. പ്രധാനമന്ത്രിയും അമിത് ഷായും ബംഗാളില്‍ നിറഞ്ഞുനില്‍ക്കുന്നതും, പാര്‍ട്ടിയില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറുന്നവരുടെ എണ്ണം കൂടുന്നതും തൃണമൂല്‍ കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നുമുണ്ട്. 

അതേസമയം രഥയാത്രയ്ക്ക് അനുമതി നിഷേധിക്കണമെന്നാവശ്യപ്പെട്ട് കൊൽക്കത്ത ഹൈക്കോടതിയിലുള്ള ഹർജി ബുധനാഴ്ച കോടതി പരിഗണിക്കും. 

click me!