
കോട്ടയം: കാലാവധി കഴിഞ്ഞ നോട്ടുകളുമായി പുറപ്പെട്ട കേരള പൊലീസിന്റെ വാഹനം തടഞ്ഞ് ആന്ധ്ര പൊലീസ്. 2000 കോടി രൂപയുടെ കാലാവധി കഴിഞ്ഞ 500 രൂപയുടെ നോട്ടുകളുമായാണ് കേരള പൊലീസ് റിസർവ് ബാങ്കിന്റെ നിർദേശ പ്രകാരം കോട്ടയത്തുനിന്ന് ഹൈദരബാദിലേക്ക് പുറപ്പെട്ടത്. എന്നാൽ രഹസ്യ വിവരത്തെ തുടർന്ന് കേരള പൊലീസ് സംഘത്തെ ആന്ധ്രാ പൊലീസ് തടഞ്ഞു. നോട്ടുകള്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചയിടത്ത് എത്തിക്കാനായിയിരുന്നു യാത്ര. തെരഞ്ഞെടുപ്പ് പരിശോധനയുടെ ഭാഗമായ നടപടികള്‍ പൂര്‍ത്തിയാക്കി നാല് മണിക്കൂറിന് ശേഷം കേരള പൊലീസ് സംഘത്തെ ആന്ധ്ര പൊലീസ് വിട്ടയച്ചു. കൃത്യമായ രേഖകൾ കാണിച്ച ശേഷമായിരുന്നു വിട്ടയച്ചത്. ബാങ്കുകളിൽ നിന്ന് കാലാവധി കഴിഞ്ഞ നോട്ടാണ് കൊണ്ടുപോയത്.
കോട്ടയം നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ടി ജോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുറപ്പെട്ടത്. ഏപ്രിൽ 30നായിരുന്നു യാത്ര. റിസർവ് ബാങ്ക് നിർദേശിച്ച സമയ പരിധി അടുത്തതോടെയാണ് സംഘം പുറപ്പെട്ടത്. എന്നാൽ അനന്തനഗറിൽ പൊലീസ് തടഞ്ഞു. കോടികള്‍ നിറച്ച കണ്ടെയ്‌നര്‍ പൊലീസ് അകമ്പടിയോടെ കടത്തുന്നുവെന്നായിരുന്നു ആന്ധ്ര പൊലീസിന് ലഭിച്ച വിവരം. തുടർന്ന് വിജനമായ സ്ഥലത്ത് വാഹനം തടയുകയും പരിശോധിക്കുകയും ചെയ്തു.
രേഖകള്‍ ഹാജരാക്കിയിട്ടും വാഹനം വിട്ടുനൽകിയില്ല. ഒടുവിൽ കോട്ടയം എസ്പി കെ കാര്‍ത്തിക്കുമായി സംഘം ബന്ധപ്പെട്ടു. കാര്‍ത്തിക് അനന്തപുരി ഡിഐജിയെയും ജില്ലാ കളക്ടറെയും ബന്ധപ്പെട്ട് വിവരങ്ങള്‍ വ്യക്തമാക്കി ഇമെയില്‍ അയച്ചതോടെ കേരള പൊലീസ് സംഘത്തെ കടന്നുപോകാന്‍ അനുവദിച്ചത്. ഡിവൈഎസ്പി ജോണിനെ കൂടാതെ രണ്ട് എസ്‌ഐമാരും മൂന്ന് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരും എട്ട് സിവില്‍ പൊലീസ് ഓഫീസര്‍മാരുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam