സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി രാജിവെച്ചു

By Web TeamFirst Published Apr 5, 2021, 3:50 PM IST
Highlights

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുൻ ബോംബെ പോലീസ് കമ്മീഷണർ പരംബീർ സിംഗ് നൽകി ഹർജിയിലാണ് നടപടി

മുംബൈ: തനിക്കെതിരെ സിബിഐ അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖ് രാജിവെച്ചു. സിബിഐയോട് പ്രാഥമിക അന്വേഷണം നടത്താനാണ് മുംബൈ ഹൈക്കോടതി ഉത്തരവ്. 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം. തുടർ നടപടികൾ അതിനു ശേഷം എന്നും കോടതി വ്യക്തമാക്കി.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുൻ ബോംബെ പോലീസ് കമ്മീഷണർ പരംബീർ സിംഗ് നൽകി ഹർജിയിലാണ് നടപടി. പൊലീസുകാരെ ഉപയോഗിച്ച് വ്യവസായികളെ ഭീഷണിപ്പെടുത്തി മാസവും നൂറ് കോടി രൂപ പിരിക്കാൻ അനിൽ ദേശ്മുഖ് ശ്രമിച്ചെന്നാണ് മുൻ മുംബൈ പൊലീസ് കമ്മീഷണർ ആരോപിച്ചത്.  ഇതിന് പിന്നാലെയാണ് ധാര്‍മ്മികത ഉയ‍ര്‍ത്തി മന്ത്രിസ്ഥാനത്ത് നിന്ന് ദേശ്‌മുഖ് രാജിവെച്ചത്. എൻസിപി നേതൃത്വവുമായി ചർച്ച ചെയ്ത ശേഷമാണ് തീരുമാനം. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാര്‍ട്ടി നേതാവാണ് അനിൽ ദേശ്‌മുഖ്.

ആരോപണം ഉയര്‍ന്ന് ദിവസങ്ങളായിട്ടും ഇദ്ദേഹം താൻ തെറ്റ് ചെയ്തിട്ടില്ലെന്ന നിലപാടിൽ തന്നെ ഉറച്ച് നിൽക്കുകയായിരുന്നു. മന്ത്രി രാജിവെക്കണമെന്ന ആവശ്യം മുന്നണിക്കകത്ത് ഉയര്‍ന്നിരുന്നെങ്കിലും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അടക്കമുള്ളവര്‍ മുന്നണിയുടെ നിലനിൽപ്പിനെ കരുതിയാണ് രാജിക്കാര്യത്തിൽ ഉറച്ച് നിൽക്കാതിരുന്നത്.

click me!