
ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൊവിഡ് പ്രതിരോധ വാക്സീൻ ആദ്യ ഡോസ് സ്വീകരിച്ചു. തലസ്ഥാനത്തെ ശ്യാമപ്രസാദ് മുഖർജി സിവിൽ ഹോസ്പിറ്റലിലാണ് അദ്ദേഹം വാക്സീനെടുത്തത്. ഇന്ത്യയിൽ വാക്സീൻ വികസിപ്പിച്ചതിന് ശാസ്ത്രജ്ഞർക്കും പ്രധാനമന്ത്രി മോദിക്കും നന്ദി അറിയിക്കുന്നതായി യോഗി ആദിത്യനാഥ് പറഞ്ഞു.
ഉത്തർപ്രദേശിൽ കൊവിഡ് രോഗികളുടെ എണ്ണം ആശങ്കാജനകമായ വിധത്തിൽ വർദ്ധിച്ച സാഹചര്യമാണുള്ളത്. എല്ലാ പൗരൻമാരും വാക്സിൻ സ്വീകരിക്കണമെന്നും ജനങ്ങൾക്കായി ഒരു സുരക്ഷാ കവചം സൃഷ്ടിക്കാൻ സഹായിക്കണമെന്നും അഭ്യർത്ഥിച്ചു. വാക്സിൻ സ്വീകരണത്തിന് ശേഷവും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഉറപ്പു വരുത്തണം.
ഉത്തർപ്രദേശിൽ ഇന്ന് 4136 പുതിയ കൊവിഡ് 19 കേസുകൾ കണ്ടെത്തി. രോഗബാധ മൂലം 31 പേർ മരിച്ചു. സംസ്ഥാനത്ത് മൊത്തം 6,30,059 അണുബാധകളും 8,881 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏറ്റവുമധികം രോഗബാധ റിപ്പോർട്ട് ചെയ്ത 5 സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തർപ്രദേശ്. കൊവാക്സിനാണ് ആദിത്യനാഥ് സ്വീകരിച്ചത്. വാക്സിനെക്കുറിച്ചുള്ള എല്ലാ നിർദ്ദേശങ്ങളും പാലിച്ചാണ് അദ്ദേഹം എത്തിയതെന്ന് പിടിഐ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അരമണിക്കൂറിന് ശേഷമാണ് യോഗി ആദിത്യനാഥ് ഹോസ്പിറ്റലിൽ നിന്നും പോയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam