
ബെംഗ്ളൂരു: കർണാടകയിൽ സാമൂഹ്യ ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥയെ ക്വട്ടേഷൻ സംഘം വെട്ടിക്കൊന്ന് സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോൺഗ്രസ് നേതാവും മുൻ മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റുമായിരുന്ന ഭർത്താവ് ഗിരീഷിനെയും സഹോദരനെയും കൊലപ്പെടുത്തിയ അതേ ക്വട്ടേഷൻ സംഘമാണ് അഞ്ജലി കമ്മാനൂരിന്റെ കൊലപാതകത്തിന് പിന്നിലെന്നും, പ്രതികാരം തീർക്കാനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പോലീസ് വ്യക്തമാക്കി.
ജോലിസ്ഥലത്തേക്ക് കാറിൽ വരുന്നതിനിടെയാണ് ബുധനാഴ്ച നാലംഗ സംഘം മാരകായുധങ്ങളുമായി അഞ്ജലിയെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ അഞ്ജലി ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആക്രമണത്തിന് പിന്നാലെ മഹാരാഷ്ട്രയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ നാല് പ്രതികളെ പോലീസ് പിടികൂടി. യെല്ലപ്പ, കാശിനാഥ്, ദത്താത്രേയ, ജഗദീഷ് എന്നിവരാണ് പിടിയിലായവർ.
ഗുണ്ടാ നേതാക്കളായ വിജയ്, ശങ്കർ എന്നിവരാണ് ക്വട്ടേഷൻ സംഘത്തെ നിയോഗിച്ചത് എന്ന് പോലീസ് കണ്ടെത്തി. ഇവർക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട അഞ്ജലിയുടെ ഭർത്താവ് ഗിരീഷിനെയും അദ്ദേഹത്തിന്റെ സഹോദരനെയും നേരത്തെ ആക്രമിച്ച് കൊലപ്പെടുത്തിയത് ഇതേ സംഘം തന്നെയായിരുന്നു. അതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ കൊലപാതകം എന്നും പോലീസ് വ്യക്തമാക്കുന്നു. സെപ്റ്റംബറിൽ ഗുണ്ടാ നേതാവായ ശങ്കറിന് നേരെ ഒരു ആക്രമണം നടന്നിരുന്നു. ഇതിന് പിന്നിൽ അഞ്ജലിയാണെന്ന് സംശയിച്ചാണ് ഇരുവരും ചേർന്ന് ക്വട്ടേഷൻ നൽകി അഞ്ജലിയെ വകവരുത്തിയതെന്നും പോലീസ് അറിയിച്ചു. ഭർത്താവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് സർക്കാർ അഞ്ജലിക്ക് സാമൂഹ്യ ക്ഷേമ വകുപ്പിൽ ജോലി നൽകിയത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവനത്തിനായി ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോൾ 'ദിശ' ഹെൽപ്പ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056.)