ദില്ലി സ്ഫോടനം; അടച്ച ചെങ്കോട്ട സന്ദർശകർക്കായി നാളെ തുറന്നു കൊടുക്കും, കനത്ത സുരക്ഷ ഒരുക്കും

Published : Nov 15, 2025, 11:51 PM IST
Delhi blast kanpur medical student detained nia investigation update

Synopsis

സ്ഫോടനത്തെ തുടർന്ന് അടച്ച ചെങ്കോട്ട സന്ദർശകർക്കായി നാളെ തുറന്നു കൊടുക്കും

ദില്ലി: സ്ഫോടനത്തെ തുടർന്ന് അടച്ച ചെങ്കോട്ട സന്ദർശകർക്കായി നാളെ തുറന്നു കൊടുക്കും. കനത്ത സുരക്ഷ ക്രമീകരണങ്ങളോടെ ആയിരിക്കും പ്രവേശനമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചു. റെഡ് ഫോർട്ട് മെട്രോ സ്റ്റേഷൻ ഭാഗീകമായി തുറന്നു. അതേസമയം സ്ഫോടന കേസിൽ കസ്റ്റഡിയിൽ ഉള്ള ഭീകരരെ എൻഐഎ സംഘം ചോദ്യം ചെയ്തു. ഡോക്ടർമാരായ മുസമ്മിൽ, ആദിൽ, ഷെഹീന എന്നിവരെ ആണ് ചോദ്യം ചെയ്തത്. പല നിർണായക വിവരങ്ങളും ലഭിച്ചെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് അയൽ സംസ്ഥാനങ്ങളിൽ അടക്കം പരിശോധന നടക്കുകയാണ്. ഹരിയാനയിലെ നൂഹിൽ നിന്നും അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്ത ഡോക്ടർമാരിൽ ഒരാളുടെ ഫോണിൽ നിന്ന് സംശയാസ്പദമായ നമ്പറുകൾ കണ്ടെത്തി. സ്ഫോടനം നടത്തിയ ഉമർ ഉൾപ്പെടെയുള്ള ഡോക്ടർമാർ പലതവണ നൂഹ് സന്ദർശിച്ചു. അതേസമയം ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ എൻഐഎ അറസ്റ്റ് ചെയ്ത യുവാവിനെ വിട്ടയച്ചു. അൽഫല സർവ്വകലാശാലയിലെ എംബിബിഎസ് വിദ്യാർത്ഥിയാണ് ഇയാൾ.

രാജ്യത്തെ നടുക്കിയ സ്ഫോടനത്തിനുശേഷം ചെങ്കോട്ടയ്ക്ക് മുന്നിലെ റോഡ് ഇന്ന് പൊതുജനങ്ങൾക്കായി വീണ്ടും തുറന്നുകൊടുത്തിട്ടുണ്ട്. സ്ഫോടനത്തിന്‍റെ അവശിഷ്ടങ്ങൾ എല്ലാം നീക്കം ചെയ്ത ശേഷമാണ് നേതാജി സുഭാഷ് മാർഗ് വീണ്ടും ജനങ്ങൾക്കായി തുറന്നു കൊടുത്തത്. സ്ഫോടനത്തിനുശേഷം ലാൽ ഖിലാ വീണ്ടും പഴയ സ്ഥിതിയിലേക്ക് വരുമ്പോഴും ജനങ്ങളിൽ ഞെട്ടൽ ഇതുവരെ വിട്ടു മാറിയിട്ടില്ല. സ്ഫോടനത്തിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്തിരിക്കുകയാണ് അന്വേഷണ ഏജൻസികൾ. പല സംസ്ഥാനങ്ങളിലും വ്യാപക പരിശോധന നടക്കുകയാണ്. സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചന പ്രകാരം ഒരു കേസ് കൂടി ദില്ലി സ്പെഷ്യൽ സെൽ രജിസ്റ്റർ ചെയ്തു.

ചെങ്കോട്ട സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച വൈറ്റ് കോളർ ഭീകരതയുടെ വേരുകൾ തേടുകായാണ് അന്വേഷണ ഏജൻസികൾ. കേസിൽ ഇന്നും അറസ്റ്റ് നടന്നു. പഞ്ചാബിലെ പഠാൻകോട്ടിൽ നിന്ന് റയീസ് അഹമ്മദ് എന്ന സർജനാണ് അന്വേഷണ ഏജൻസികളുടെ പിടിയിലായത്. ഇയാൾ പലതവണ അൽഫലാ സർവകലാശാലയിലേക്ക് വിളിച്ചതായാണ് വിവരം. ഏതെങ്കിലും ഘട്ടത്തിൽ ഇയാൾ ഉമറുമായോ പിടിയിലായ മറ്റു ഡോക്ടർമാരുമായോ ബന്ധപ്പെട്ടിരുന്നോ എന്നാണ് അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നത്.

ദില്ലിസ്ഫോടനവുമായി ബന്ധപ്പെട്ട് പഞ്ചാബിലും ആസൂത്രണം നടന്നോ എന്നും പരിശോധിക്കും. ഹരിയാനയിലെ നൂഹിൽ അമോണിയം നൈട്രേറ്റ് പ്രതികൾക്ക് കൈമാറിയ കടകളിലും പരിശോധന നടത്തി. ഇവിടെ രണ്ട് പേർ പിടിയിലായതായാണ് സൂചന. ഇതിൽ ഒരാൾ സ്ഫോടനസമയം ദില്ലിയിൽ ഉണ്ടായിരുന്നതായും വിവരമുണ്ട്. അൽഫലാ സർവകലാശാലയിലെ കൂടുതൽ ഡോക്ടർമാരെ ചോദ്യം ചെയ്യാനാണ് എൻ ഐ എ നീക്കം. പലരെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നിരവധി പേരുടെ ഫോണുകൾ ഇപ്പോൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

ചെങ്കോട്ട സ്ഫോടനത്തിനിടയാക്കിയ ഐഇഡി തയ്യാറാക്കാൻ ഉമറിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതിലും അന്വേഷണം ഊർജ്ജിതമാണ്. ഹരിയാന പൊലീസ് എൻ ഐ എ ക്ക്‌ കൈമാറിയ ഡോക്ടർമാരായ മുസമ്മിൽ, ആദിൽ ഷഹീൻ എന്നിവരെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. അൽഫലാ സർവകലാശാലയിൽ നിന്ന് നാലു പേരെ കൂടി കഴിഞ്ഞദിവസം ഹരിയാന പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. യുഎപിഎ ചുമത്തി ദില്ലി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് എൻഐഎക്ക് കൈമാറിയിരുന്നു. ക്രിമിനൽ ഗൂഢാലോചന ചുമത്തി ദില്ലി സ്പെഷ്യൽ സെൽ ഇന്ന് ഒരു എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്തു. പാർലമെൻറ് സമ്മേളനത്തിനു മുമ്പ് ഭീകരനീക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താനാണ് സർക്കാർ ശ്രമം.

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'