
വസായി: ശിശുദിനത്തിൽ സ്കൂളിലെത്താൻ വൈകിയതിന് അധ്യാപികയുടെ ശിക്ഷ കടുത്തു. ആറാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ വസായിലെ ശ്രീ ഹനുമന്ത് വിദ്യാമന്ദിർ ഹൈ സ്കൂളിൽ വെള്ളിയാഴ്ചയാണ് 12 വയസുകാരി മരണപ്പെട്ടത്. വൈകി എത്തിയതിന് ശിക്ഷയായി അധ്യാപിക 100 സിറ്റപ്പ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. ശിക്ഷ തീർന്നതിന് പിന്നാലെ പുറം വേദന അനുഭവപ്പെടുവെന്ന് വിദ്യാർത്ഥിനി പരാതിപ്പെട്ടിരുന്നു. പിന്നാലെ തളർന്നുവീണു. ഇതോടെ കാജൽ ഗോണ്ട് എന്ന ആറാം ക്ലാസ് വിദ്യാർത്ഥിനിയെ സമീപത്തെ നാലാസോപാരയിലെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആരോഗ്യ സ്ഥിതി കൂടുതൽ മോശമായതോടെ മുംബൈയിലെ ജെജെ ആശുപത്രിയിലേക്ക് വിദ്യാർത്ഥിനിയെ മാറ്റി.
എന്നാൽ ചികിത്സ പുരോഗമിക്കുന്നതിനിടെ കാജൽ മരണപ്പെടുകയായിരുന്നു. മകളുടെ ആരോഗ്യം പെട്ടന്ന് മോശമാകാൻ കാരണമായത് കഠിനമായ ശിക്ഷ മൂലമെന്നാണ് കാജലിന്റെ കുടുംബം ആരോപിക്കുന്നത്. നൂറ് സിറ്റ് അപ്പ് എടുക്കുന്ന സമയത്തും കുട്ടിയുടെ ചുമലിൽ നിന്ന് സ്കൂൾ ബാഗ് മാറ്റാൻ അധ്യാപിക അനുവദിച്ചില്ലെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്. കുട്ടി മരണപ്പെട്ടതോടെ സ്കൂളിലേക്ക് രക്ഷിതാക്കളും ബന്ധുക്കളും പ്രതിഷേധമായി എത്തി.
അധ്യാപികയ്ക്കും സ്കൂളിനും എതിരെ കർശന നടപടി ആവശ്യപ്പെട്ട പ്രതിഷേധം പൊലീസ് ഇടപെട്ടാണ് അവസാനിപ്പിച്ചത്. സംഭവത്തിൽ ക്രിമിനൽ കേസ് എടുക്കുന്നത് വരെ സ്കൂൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നാണ് മഹാരാഷ്ട്ര നവ നിർമ്മാൺ സേന മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. വിദ്യാര്‍ഥിനി എത്താന്‍ പത്ത് മിനിറ്റ് വൈകിയെന്ന് ആരോപിച്ചായിരുന്നു അധ്യാപികയുടെ ശിക്ഷ.സംഭവത്തില്‍ വിദ്യാഭ്യസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam