
ജയ്പൂര്‍: പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയ അഞ്ജു എവിടെയെന്ന് അറിയില്ലെന്ന് മക്കള്‍. അഞ്ജു ഇതുവരെ രാജസ്ഥാനിലെ ഭിവാഡിയിലെ വീട്ടില്‍ എത്തിയിട്ടില്ലെന്ന് മക്കള്‍ പറഞ്ഞതായി ഇന്ത്യാടുഡെ റിപ്പോര്‍ട്ട് ചെയ്തു. മക്കളെ കാണാനാണ് താന്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയതെന്നാണ് അഞ്ജു നേരത്തെ പറഞ്ഞത്. എന്നാല്‍ അമ്മയെ കാണേണ്ടെന്നാണ് മക്കള്‍ പറയുന്നത്.
ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട നസ്റുല്ലയെ വിവാഹം ചെയ്യാനാണ് അഞ്ജു ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലെത്തിയത്. മക്കളെ കാണാതെ മാനസിക വിഷമമാണെന്ന് പറഞ്ഞാണ് അഞ്ജു ഇന്ത്യയിലേക്ക് വരാന്‍ അനുമതി നേടിയത്. അഞ്ജു താമസിക്കുന്ന റസിഡൻഷ്യൽ സൊസൈറ്റിക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എല്ലാ വാഹനങ്ങളെയും അപരിചിതരെയും വിശദമായി പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. ഇന്റലിജൻസ് ബ്യൂറോ സംഘം അഞ്ജുവിന്റെ 15 വയസ്സുകാരിയായ മകളോടും ആറ് വയസ്സുള്ള മകനോടും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
അഞ്ജുവിന്റെ കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഭിവാഡി അഡീഷണൽ സൂപ്രണ്ട് ദീപക് സൈനി പറഞ്ഞു. ആവശ്യം വന്നാല്‍ അഞ്ജുവിനെ ചോദ്യംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വാഗാ അതിർത്തി വഴി ഇന്ത്യയിലേക്ക് മടങ്ങിയ ശേഷം പഞ്ചാബ് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും അമൃത്‌സര്‍ ഐബിയും അഞ്ജുവിനെ ചോദ്യംചെയ്തിരുന്നു. തുടർന്ന് ബുധനാഴ്ച ദില്ലിയിലേക്ക് പോകാൻ അനുവദിക്കുകയും ചെയ്തു. ദില്ലിയിലെത്തിയ ശേഷം അഞ്ജു എവിടെയാണെന്ന് അറിയില്ല.
അരവിന്ദുമായുള്ള വിവാഹമോചനത്തിന് ശേഷം മക്കളെ പാകിസ്ഥാനിലേക്ക് കൊണ്ടുപോവും എന്നാണ് അഞ്ജു നേരത്തെ പറഞ്ഞത്. അഞ്ജുവിന്‍റെ തിരിച്ചുവരവിനെ കുറിച്ച് അറിയില്ലെന്നും തനിക്ക് ഇക്കാര്യം സംസാരിക്കാന്‍ താത്പര്യമില്ലെന്നുമാണ് അരവിന്ദിന്‍റെ പ്രതികരണം. ഇന്ത്യയില്‍ തങ്ങാന്‍ ഒരു മാസത്തെ സമയമാണ് അഞ്ജുവിന് അനുവദിച്ചിരിക്കുന്നത്. അതിനിടയില്‍ വിവാഹ മോചന നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവാനിടയില്ല.
കഴിഞ്ഞ ജൂലൈ മാസത്തിലാണ് 34കാരിയായ അഞ്ജു പാകിസ്ഥാനിലേക്ക് പോയത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട നസ്‌റുല്ല എന്നയാളെ വിവാഹം ചെയ്യാന്‍ വേണ്ടിയാണ് അതിര്‍ത്തി കടന്നത്. നസ്‌റുല്ലയെ വിവാഹം ചെയ്ത ശേഷം ഇസ്ലാം മതം സ്വീകരിച്ച് ഫാത്തിമ എന്ന പേരില്‍ ഖൈബര്‍ മേഖലയില്‍ താമസിച്ചു വരുകയായിരുന്നു. അഞ്ജുവിന്റെ വിസ ഓഗസ്റ്റ് മാസത്തില്‍ പാകിസ്ഥാന്‍ ഒരു വര്‍ഷത്തേക്ക് നീട്ടി നല്‍കി. മക്കളെ കാണാന്‍ സാധിക്കാത്തതിനാല്‍ അഞ്ജു മാനസിക വിഷമത്തിലാണെന്ന് നസ്റുല്ല കഴിഞ്ഞ മാസം പറഞ്ഞിരുന്നു, പിന്നാലെയാണ് അഞ്ജുവിന്‍റെ ഇന്ത്യയിലേക്കുള്ള മടക്കം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam