ദില്ലി കലാപം: ഐബി ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട സംഭവത്തിൽ ആംആദ്മി നേതാവിനെതിരെ കേസ്, പിന്നാലെ റെയ്‌ഡ്

By Web TeamFirst Published Feb 27, 2020, 8:51 PM IST
Highlights

അങ്കിത് ശർമയുടെ കുടുംബം, ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവായ താഹിർ ഹുസൈന്റെ നേർക്കാണ് കൊലപാതകത്തിന്റെ പേരിൽ ആരോപണങ്ങൾ ഉന്നയിച്ചത്

ദില്ലി: ദില്ലിയിൽ നടന്ന വർഗീയ കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊല്ലപ്പെട്ട സംഭവത്തിൽ ആംആദ്മി പാർട്ടി കൗൺസിലർ താഹിർ ഹുസൈനെതിരെ പൊലീസ് കേസെടുത്തു. കൊലപാതകത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത്. താഹിറിന്റെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി. കലാപത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി ഉയർന്നിട്ടുണ്ട്.

ഐബിയിൽ ട്രെയിനി ഓഫീസർ ആയിരുന്ന അങ്കിതിന്റെ മൃതദേഹം ചാന്ദ് ബാഗിലെ ഒരു ഓടയിൽ നിന്നാണ് കണ്ടെടുത്തത്. അങ്കിത് ശർമയുടെ കുടുംബം, ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവായ താഹിർ ഹുസൈന്റെ നേർക്കാണ് കൊലപാതകത്തിന്റെ പേരിൽ ആരോപണങ്ങൾ ഉന്നയിച്ചത്. നെഹ്‌റു വിഹാറിൽ നിന്നുള്ള ആം ആദ്മി പാർട്ടി കൗൺസിലറാണ് താഹിർ ഹുസ്സൈൻ. കലാപത്തിനിടെ അങ്കിത് ശർമയെ വധിച്ച് കുറ്റം ലഹളക്കാർക്കുമേൽ ആരോപിക്കുകയാണ് താഹിർ ചെയ്തിരിക്കുന്നത് എന്നാണ് അങ്കിതിന്റെ ബന്ധുക്കളുടെ ആരോപണം. 

താഹിർ ഹുസൈന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് മുകളിൽ നിന്നാണ് അങ്കിതിനു നേർക്ക് കല്ലേറുണ്ടായത് എന്ന് അങ്കിതിന്റെ ബന്ധുക്കൾ ന്യൂസ് ഏജൻസി ആയ ANI -യോട് പറഞ്ഞു. " ഓഫീസിൽ നിന്ന് വീട്ടിലെത്തി ചായകുടിച്ചു ശേഷം കല്ലേറ് നടക്കുന്നിടത്തേക്ക് പോയതാണ് അങ്കിത്. താഹിറിന്റെ കെട്ടിടത്തിനുള്ളിൽ നിന്ന് പത്തുപതിനഞ്ചോളം പേർ പുറത്തിറങ്ങി വന്നു. അവർ അവിടെ നിന്നിരുന്ന നാലഞ്ച് പേരെ പിടിച്ചുവലിച്ച് അകത്തേക്ക് കൊണ്ടുപോയി. അവരെ രക്ഷിക്കാൻ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തി ഓടിച്ചു." അങ്കിതിന്റെ അച്ഛൻ രവീന്ദർ കുമാർ പറഞ്ഞു. അങ്കിത് ശർമയുടെ സഹോദരൻ അങ്കുറിനെയും രണ്ടു സ്നേഹിതരെയും അക്രമാസക്തമായ ഒരു ജനക്കൂട്ടം പിടിച്ചു കൊണ്ടുപോകുന്നത് കണ്ടതായി ഒരു ദൃക്‌സാക്ഷി ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. അവരെ രക്ഷിക്കാൻ ശ്രമിച്ചവർക്കുനേരെ അക്രമികൾ വെടിവെച്ചതായും തദ്ദേശവാസിയായ അയാൾ പറഞ്ഞു. 

കലാപത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലാപത്തില്‍ ആം ആദ്മി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ അവര്‍ക്ക് ഇരട്ടിശിക്ഷ നല്‍കുമെന്നും ഷ്ട്രീയം നോക്കാനില്ലെന്നും കെജ്രിവാള്‍ വ്യക്തമാക്കി.  ഐബി ഉദ്യോഗസ്ഥന്റെ മരണത്തിൽ ആം ആദ്മി പാർട്ടി നേതാവിന് എതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് കെജ്രിവാള്‍ ഇക്കാര്യം വ്യക്തമാക്കിയത്.

click me!