'ദുഷ്പേരുള്ള നേതാക്കളെ പാര്‍ട്ടിയിലെടുക്കുന്നു'; ബിജെപിക്കെതിരെ അണ്ണാ ഹസാരെ

By Web TeamFirst Published Sep 3, 2019, 5:26 PM IST
Highlights

രാഷ്ട്രീയത്തില്‍ അഴിമതിക്കാരായവര്‍ക്ക് ഒരു കുറവുമില്ല. അധികാരമുള്ള പാര്‍ട്ടികളുടെ തണലില്‍ അവരുടെ തെറ്റായ ചെയ്തികളെ ഒളിച്ച് വയ്ക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും അണ്ണാ ഹസാരെ

പൂനെ: മോശം പശ്ചാത്തലമുള്ള നേതാക്കളെ ബിജെപി പാര്‍ട്ടിയിലെടുക്കുന്നതിനെ വിമര്‍ശിച്ച് അണ്ണാ ഹസാരെ. ബിജെപി അത്തരക്കാരെ ഒരിക്കലും റിക്രൂട്ട് ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇനിയും ബിജെപി മോശം പശ്ചാത്തലമുള്ള നേതാക്കളെ പാര്‍ട്ടിയിലെടുക്കുന്നത് തുടര്‍ന്നാല്‍ അത് പാര്‍ട്ടിക്ക് തന്നെ ദുഷ്പേരാകുമെന്നും അണ്ണാ ഹസാരെ ഓര്‍മിപ്പിച്ചു.

രാഷ്ട്രീയത്തില്‍ അഴിമതിക്കാരായവര്‍ക്ക് ഒരു കുറവുമില്ല. അധികാരമുള്ള പാര്‍ട്ടികളുടെ തണലില്‍ അവരുടെ തെറ്റായ ചെയ്തികളെ ഒളിച്ച് വയ്ക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഗാര്‍ഖുല്‍ ഹൗസിംഗ് അഴിമതിയില്‍ കുടുങ്ങിയ സുരേഷ് ജെയ്ന്‍ അതിന് ഉത്തമ ഉദാഹരണമായ നേതാവാണ്.

കോടികളുടെ അഴിമതി നടത്തിയ ശേഷം മൂന്ന് വട്ടമാണ് സുരേഷ് ജെയ്ന്‍ പാര്‍ട്ടി മാറിയത്. ഇത് ജെയ്നെതിരെ നടപടിയുണ്ടാകുന്നതില്‍ കാലതാമസം വരുത്തി. അഴിമതിക്കാരായ നേതാക്കളെ തെരഞ്ഞെടുപ്പിന് നിര്‍ത്തുമ്പോള്‍ ജനങ്ങള്‍ പാര്‍ട്ടികളെ ഒരു പാഠം പഠിപ്പിക്കണം.

എണ്ണത്തില്‍ കൂടി വരുന്ന യുവ വോട്ടര്‍മാര്‍ ഇതിന് മുന്‍കെെയെടുക്കണം. പൊതുസമൂഹത്തിന്‍റെ താത്പര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സത്യസന്ധതയുള്ള ആളുകള്‍ മാത്രമാണ് തെരഞ്ഞെടുക്കപ്പെടുന്നതെന്ന് യുവസമൂഹം ഉറപ്പ് വരുത്തണമെന്നും പൂനെയില്‍ അണ്ണാ ഹസാരെ പറഞ്ഞു.

അടുത്തിടെ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസില്‍ നിന്നും എന്‍സിപിയില്‍ നിന്നും നിരവധി നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. മാസങ്ങള്‍ക്കകം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഈ പാര്‍ട്ടി മാറ്റം.

ചില നിയമപ്രശ്നങ്ങളില്‍ ഉള്‍പ്പെട്ടവര്‍ അവരുടെ രക്ഷയ്ക്ക് വേണ്ടിയാണ് പാര്‍ട്ടി മാറിയതെന്നും ബിജെപി-ശിവസേന കൂട്ടുക്കെട്ടിന്‍റെ സംരക്ഷണം അവര്‍ക്ക് വേണമെന്നുമാണ് ഇതിന് ശേഷം എന്‍സിപി ദേശീയ വക്താവ് നവാബ് മാലിക്ക് പ്രതികരിച്ചത്. 

click me!