ബിജെപിക്കെതിരെ അപ്രതീക്ഷിത നീക്കം; യുപിയില്‍ പ്രിയങ്കയ്ക്ക് പുതിയ ദൗത്യം

By Web TeamFirst Published Sep 3, 2019, 5:24 PM IST
Highlights

സംഘടന ചുമതല ഏറ്റെടുക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ പ്രധാന നേതാക്കളുമായി പ്രിയങ്ക കൂടിക്കാഴ്ച നടത്തിയിരുന്നു. പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതിന്‍റെ ഭാഗമായി യുപിയിലെ മുതിര്‍ന്ന നേതാക്കളില്‍നിന്ന് അഭിപ്രായം തേടിയിട്ടുണ്ട്. 

ദില്ലി: ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക നീക്കവുമായി കോണ്‍ഗ്രസ്. പ്രധാന സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ മുഴുവന്‍ സംഘടന ചുമതലയും ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്ക് നല്‍കാനാണ് തീരുമാനം. ഇന്ത്യ ടുഡേയാണ് പ്രിയങ്കാ ഗാന്ധി മുഴുവന്‍ ചുമതലയും ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ കിഴക്കന്‍ ഉത്തര്‍പ്രദേശിലെ സംഘടന ചുമതലകളാണ് പ്രിയങ്കാ ഗാന്ധി വഹിച്ചിരുന്നത്. നിലവില്‍ രാജ് ബബ്ബറാണ് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ്. 

ചെറുപ്പക്കാരെ ഉള്‍പ്പെടുത്തി പൂര്‍ണമായും പുതിയ സംസ്ഥാന കമ്മിറ്റിയെയാണ് നിയമിക്കുക. ജംബോ കമ്മിറ്റികളുണ്ടാവില്ലെന്നും സൂചനയുണ്ട്. 2022ലെ നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ഉടച്ചുവാര്‍ക്കല്‍. അടിത്തട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തി പ്രതാപം വീണ്ടെടുക്കുകയാണ് ലക്ഷ്യം. ഒ ബി സി, ദലിത്, വനിതാ നേതാക്കള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം ലഭിക്കും.

സംഘടന ചുമതല ഏറ്റെടുക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ പ്രധാന നേതാക്കളുമായി പ്രിയങ്ക കൂടിക്കാഴ്ച നടത്തിയിരുന്നു. പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതിന്‍റെ ഭാഗമായി യുപിയിലെ മുതിര്‍ന്ന നേതാക്കളില്‍നിന്ന് അഭിപ്രായം തേടിയിട്ടുണ്ട്.  എഐസിസി സെക്രട്ടേറിമാരായ സചിന്‍ നായിക്, ധീരജ് ഗുര്‍ജര്‍സ ബാജിറാവോ എന്നിവരടങ്ങിയ സംഘം ഓരോ ജില്ലയിലുമെത്തി പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ലോക്സഭ തെരഞ്ഞെടുപ്പില്‍ കിഴക്കന്‍ യുപിയുടെ ചുമതല പ്രിയങ്കാ ഗാന്ധിക്കും പടിഞ്ഞാറന്‍ യുപിയുടെ ചുമതല ജ്യോതിരാദിത്യ സിന്ധ്യക്കുമായിരുന്നു. എന്നാല്‍, കേവലം ഒരു സീറ്റ് മാത്രമാണ് സംസ്ഥാനത്ത് നിന്ന് നേടാനായത്. ദേശീയപ്രസിഡന്‍റായിരുന്ന രാഹുല്‍ ഗാന്ധി അമേത്തിയില്‍ തോല്‍ക്കുകയും ചെയ്തു.

click me!