
ചെന്നൈ: തമിഴ്നാട് ബി ജെ പി അധ്യക്ഷൻ കെ അണ്ണാമലൈയെ ചുമയും ശ്വാസംമുട്ടലിനെയും തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനെ തുടർന്ന് തമിഴ്നാട്ടിൽ ബി ജെപി നടത്താനിരുന്ന പദയാത്ര മാറ്റിവച്ചു. സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയുടെ നേതൃത്വത്തിൽ നടത്തേണ്ടിയിരുന്ന മൂന്നാം ഘട്ട പദയാത്രയാണ് മാറ്റിവെച്ചതായി ബി ജെ പി അറിയിച്ചത്. ഒക്ടോബർ 16 നായിരുന്നു മൂന്നാം ഘട്ട പദയാത്ര തുടങ്ങൻ ബി ജെ പി തീരുമാനിച്ചിരുന്നത്. ഇത് രണ്ടാം തവണയാണ് ബി ജെ പിയുടെ മൂന്നാം ഘട്ട പദയാത്ര മാറ്റിവയ്ക്കുന്നത്. ഈ വെള്ളിയാഴ്ച തുടങ്ങാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. പിന്നീട് പതിനാറാം തിയതിയിലേക്ക് മാറ്റുകയായിരുന്നു. ഇതാണ് അണ്ണാമലൈയുടെ ആശുപത്രി പ്രവേശനത്തോടെ വീണ്ടും മാറ്റിവച്ചിരിക്കുന്നത്.
നേരത്തെ ദില്ലിയിൽ നരേന്ദ്ര മോദിയുമായും അമിത് ഷായുമായും കൂടിക്കാഴ്ച നടത്താൻ അണ്ണമലൈ പോയിരുന്നു. ഇതിന് ശേഷം ചെന്നൈയിൽ തിരികെയെത്തിയ അണ്ണാമലൈ നേരെ പോയത് ആശുപത്രിയിലേക്കായിരുന്നു. തുടർന്ന് അണ്ണാമലൈയെ പരിശോധിച്ച ഡോക്ടറുമാർ അദ്ദേഹത്തിന് വിശ്രമം നിർദ്ദേശിക്കുകയായിരുന്നു. അതേസമയം കഴിഞ്ഞാഴ്ച തമിഴ്നാട്ടിലെ എൻഡിഎ മുന്നണിയിൽ നിന്നും എഐഎഡിഎംകെ പിരിഞ്ഞു പോയിരുന്നു. അണ്ണാദുരൈയേയും ജയലളിതയേയും ബിജെപി അധിക്ഷേപിച്ചെന്ന് കുറ്റപ്പെടുത്തിയായിരുന്നു എഐഎഡിഎംകെ മുന്നണി വിട്ടത്.
Read More: തമിഴ്നാട്ടിൽ ട്വിസ്റ്റ്; നിർമല സീതാരാമനുമായി എഐഎഡിഎംകെ എംഎൽഎമാരുടെ കൂടിക്കാഴ്ച
ലോക്സഭ തെരഞ്ഞെടുപ്പിന് അധികം സമയമില്ലാത്തതിനാല്‍ എഐഎഡിഎംകെയുമായുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി. ലോക്സഭ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ബിജെപി ഒറ്റക്ക് മത്സരിച്ചാല്‍ ഡിഎംഡികെ, പിഎംകെ പോലുള്ള പാര്‍ട്ടികള്‍ പിന്തുണച്ചാലും രണ്ട് പ്രബല ദ്രാവിഡ പാര്‍ട്ടികള്‍ക്ക് പുറമെ മൂന്നാമതൊരു മുന്നണിക്ക് എത്രത്തോളം വിജയ സാധ്യതയുണ്ടെന്ന സംശയത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വം. എന്നാൽ ബിജെപിയുമായി ഇനി ഒത്തുതീർപ്പിനില്ലെന്നായിരുന്നു എഐഎഡിഎംകെയുടെ പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam