
ദില്ലി: സ്ഥാനാർത്ഥി പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ സീറ്റ് നിഷേധിച്ചതില്‍ ബിജെപിയിലും കോണ്‍ഗ്രസിലും പ്രതിഷേധം. മധ്യപ്രദേശില്‍ കേന്ദ്രമന്ത്രി ഭൂപേന്ദ്രയാദവിനെ വളഞ്ഞ ബിജെപി പ്രാദേശിക നേതാക്കള്‍ സുരക്ഷ ഉദ്യോഗസഥനെ കയ്യേറ്റം ചെയ്തു. ഭോപ്പാലില്‍ നേതാവിന് സീറ്റ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ആസ്ഥാനത്ത് സീത്രീകള്‍ പ്രതിഷേധിച്ചു.
92 സീറ്റുകളില്‍ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ മധ്യപ്രദേശ് ബിജെപിയില്‍ ഉരുണ്ടുകൂടിയ അതൃപ്തി പൊട്ടിത്തെറിയിലേക്ക് വഴി മാറുകയാണ്. ജബല്‍പൂരില്‍ മുൻ മന്ത്രി ശരദ് ജെയിനിന്‍റെ അനുയായികളാണ് കേന്ദ്രമന്ത്രിയെ തടഞ്ഞ് പാര്‍ട്ടി ഓഫീസില്‍ വൻ പ്രതിഷേധം നടത്തിയത്. മന്ത്രിയുടെ സാന്നിധ്യത്തില്‍ ഒപ്പമുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥനെ പ്രാദേശിക നേതാക്കള്‍ ചേർന്ന് കയ്യേറ്റം ചെയ്തു.
ഒരു മണിക്കൂറോളമാണ് പാര്‍ട്ടി ആസ്ഥാനത്ത് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സ്ഥാനാർത്ഥിയെ മാറ്റിയില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ പ്രവർത്തിക്കില്ലെന്നാണ് വിമതരുടെ ഭീഷണി. ബൈത്തുല്‍ നഗാഡ, ചച്ചൗര, ഷിയോപൂർ, സത്ന , ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പാർട്ടിയില്‍ പ്രതിഷേധം ഉണ്ട്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ പട്ടികയില്‍ മൂന്ന് മന്ത്രിമാരടക്കമുള്ള 29 എംഎല്‍എമാർക്കാണ് ബിജെപി സീറ്റ് നിഷേധിച്ചിരിക്കുന്നത്.
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് കോണ്‍ഗ്രസ് നേതാവ് ദീപ്തി സിങിനായി അനുയായികളായ സ്ത്രീകളാണ് പ്രതിഷേധിച്ചത്. പോസ്റ്ററുകളും ഏന്തിയായിരുന്നു പ്രതിഷേധം. സീറ്റ് നിഷേധിച്ചതില്‍ ദിഗ്‍വിജയ് സിങിന്‍റെയും മകന്‍റെയും കോലം കത്തിച്ചും ഒരു വിഭാഗം പ്രതിഷേധിച്ചു. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ ഗ്വാളിയോറിലെ വസതിക്ക് മുന്നിലും പ്രതിഷേധം നടക്കുകയുണ്ടായി.
Read more: മധ്യപ്രദേശ് ബിജെപിയിൽ പൊട്ടിത്തെറി; കേന്ദ്രമന്ത്രിയെ വളഞ്ഞു, സുരക്ഷാ ജീവനക്കാരനെ മർദ്ദിച്ചു
റോഡില്‍ കിടന്ന പ്രതിഷേധിച്ച മുന്നലാല്‍ ഗോയിലിന്‍റെ അനുയായികളെ അനുനയിപ്പിക്കാൻ ജ്യോതിരാദിത്യ സിന്ധ്യ ശ്രമിച്ചെങ്കിലും സാധിച്ചില്ല. രാജസ്ഥാനിലെ ബിജെപി പാര്‍ട്ടി ആസ്ഥാനത്തിന് മുന്നിലെ റോഡില്‍ ടയർ കത്തിച്ചാണ് സീറ്റ് കിട്ടാത്തതിലുള്ള പ്രതിഷേധം നടന്നത്. പ്രതിഷേധം ഉയർന്ന മേഖലകളില്‍ വിമതർ സ്ഥാനാർത്ഥികളാകുമോയെന്നതില്‍ ഇരു പാര്‍ട്ടികള്‍ക്കും ആശങ്കയുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam