മധ്യപ്രദേശ് ബിജെപിയിൽ പൊട്ടിത്തെറി; കേന്ദ്രമന്ത്രിയെ വളഞ്ഞു, സുരക്ഷാ ജീവനക്കാരനെ മർദ്ദിച്ചു
മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ നിർണായകമായ യുവാക്കളുടെ വോട്ട് നേടാനുള്ള പ്രയത്നത്തിലാണ് ബിജെപിയും കോൺഗ്രസും

ജബൽപൂർ: മധ്യപ്രദേശില്‍ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി .സീറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് പ്രാദേശിക നേതാക്കള്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി ഭൂപേന്ദ്രയാദവിനെ വളഞ്ഞു . കേന്ദ്രമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസഥനെ പ്രാദേശിക നേതാക്കള്‍ കയ്യേറ്റം ചെയ്തു. 92 സീറ്റുകളില്‍ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് മധ്യപ്രദേശ് ബിജെപിയില്‍ ഉരുണ്ടുകൂടിയ അതൃപ്തി പൊട്ടിത്തെറിയിലേക്ക് വഴി മാറിയത്. ജബല്‍പൂരില്‍ മുൻ മന്ത്രി ശരദ് ജെയിനിന്‍റെ അനുയായികളാണ് കേന്ദ്രമന്ത്രിയെ തടഞ്ഞ് പാര്‍ട്ടി ഓഫീസില്‍ വൻ പ്രതിഷേധം നടത്തിയത്.
മന്ത്രിയുടെ സാന്നിധ്യത്തില്‍ ഒപ്പമുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥനെ പ്രാദേശിക നേതാക്കള്‍ ചേർന്ന് കയ്യേറ്റം ചെയ്തു. ഒരു മണിക്കൂറോളമാണ് പാര്‍ട്ടി ആസ്ഥാനത്ത് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി ഡി ശർമ്മയ്ക്ക് നേരെയും കടുത്ത പ്രതിഷേധം ഉയർന്നു. സ്ഥാനാർത്ഥിയെ മാറ്റിയില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ പ്രവർത്തിക്കില്ലെന്നാണ് വിമതരുടെ ഭീഷണി. ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങിയപ്പോള്‍ ബൈത്തുലിലെ പ്രാദേശിക നേതാക്കള്‍ ഭോപ്പാലിലെ പാര്‍ട്ടി ആസ്ഥാനത്താണ് പ്രതിഷേധം ഉയർത്തിയത്.
ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ പട്ടികയില്‍ മൂന്ന് മന്ത്രിമാരടക്കമുള്ള 29 എംഎല്‍എമാർക്കാണ് ബിജെപി സീറ്റ് നിഷേധിച്ചിരിക്കുന്നത്. ബിജെപിയിലെ ആഭ്യന്തര പ്രതിഷേധത്തെ കോണ്‍ഗ്രസ് പരിഹസിച്ചു. തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ബിജെപി മധ്യപ്രദേശില്‍ തോറ്റിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു. പ്രതിഷേധം ഉയർന്ന മേഖലകളില്‍ വിമതർ സ്ഥാനാർത്ഥികളാകുമോയെന്നതില്‍ ബിജെപിയില്‍ ആശങ്ക നിലനിൽക്കുന്നുണ്ട്. 230 ല്‍ 228 സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ബിജെപി ഇടഞ്ഞുനില്‍ക്കുന്നവരെ അനുനയിപ്പിച്ച് പ്രചാരണം ശക്തപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ്.