'രക്ഷ'യുണ്ടാക്കാനായി ചികിത്സയിലുള്ള കടുവയുടെ മീശ മുറിച്ചു; ഗുരുതര ആരോപണവുമായി കത്ത്

By Web TeamFirst Published Mar 28, 2021, 12:01 PM IST
Highlights

രാജസ്ഥാനിലെ സരിസ്ക കടുവാ സംരക്ഷണ കേന്ദ്രത്തിലെ സംഭവത്തെക്കുറിച്ചാണ് പേര് വ്യക്തമാക്കാതെ ഫോറസ്റ്റ് ഗാര്‍ഡ് പരാതിപ്പെട്ടിരിക്കുന്നത്. ടൈഗര്‍ എസ്റ്റി 6 എന്ന കടുവയുടെ മീശ രോമമാണ് ഏലസ് നിര്‍മ്മാണത്തിനായ മുറിച്ചെടുത്തതെന്നാണ് ആരോപണം. 

ജയ്പൂര്‍: പരിക്കുപറ്റിയ കടുവയുടെ മീശ 'രക്ഷ' ഉണ്ടാക്കാനായി മുറിച്ചെടുത്തെന്ന് ആരോപണം. രാജസ്ഥാനിലാണ് സംഭവം. ഫോറസ്റ്റ് ഓഫീസര്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിക്ക് എഴുതിയ പരാതി കത്തിലാണ് ഞെട്ടിക്കുന്ന ആരോപണമുള്ളത്. മുതിര്‍ന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ ആര്‍ എന്‍ മീണ തെറ്റായ രീതിയിലുള്ള പെരുമാറ്റത്തേക്കുറിച്ചാണ് കത്തില്‍ പറയുന്നതെന്നാണ് ടൈംസ് നൗ ന്യൂസ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. രാജസ്ഥാനിലെ സരിസ്ക കടുവാ സംരക്ഷണ കേന്ദ്രത്തിലെ സംഭവത്തെക്കുറിച്ചാണ് പേര് വ്യക്തമാക്കാതെ ഫോറസ്റ്റ് ഗാര്‍ഡ് പരാതിപ്പെട്ടിരിക്കുന്നത്.

ടൈഗര്‍ എസ്റ്റി 6 എന്ന കടുവയുടെ മീശ രോമമാണ് ഏലസ് നിര്‍മ്മാണത്തിനായ മുറിച്ചെടുത്തതെന്നാണ് ആരോപണം. കടുവാ സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലുള്ള കടുവയാണ് ഇത്. നഖം മുതല്‍ മീശ രോമത്തിന് വരെ വളരെ വിലയുള്ളതാണ് കടുവ നായാട്ടിന് പ്രേരകമാവുന്ന ഘടകമെന്നിരിക്കെയാണ് മുതിര്‍ന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ ഇത്തരമൊരു നടപടിക്ക് മുതിര്‍ന്നതെന്നാണ് പരാതി. സംഭവത്തില്‍ ഉന്നതല സംഘത്തിന്‍റെ അന്വേഷണത്തിന് ആവശ്യപ്പെട്ടുള്ളതാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനുള്ള പരാതിക്കത്ത്.

സരിസ്ക കടുവാ സംരക്ഷണ കേന്ദ്രത്തില്‍ ഏറെക്കാലമായി പ്രവര്‍ത്തിക്കുന്ന ഫോറസ്റ്റ് ഗാര്‍ഡാണ് കത്ത് എഴുതുന്നതെന്നാണ് പരാതി വിശദമാക്കുന്നത്. ടൈഗര്‍ എസ്റ്റി 6 ചികിത്സയ്ക്കായി കൂട്ടിലടച്ച നിലയിലാണുള്ളത്. 2021 ജനുവരി 10ന് മരുന്ന് നല്‍കി  കടുവയെ മയക്കിക്കിടത്തി. ഈ സമയത്ത് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍ എന്‍ മീണ ജീവനക്കാരോട് കടുവയുടെ മീശ കത്രിക ഉപയോഗിച്ച് മുറിച്ച് നല്‍കാന്‍ ആവശ്യപ്പെട്ടു. ഫോറസ്റ്റ് റേഞ്ചര്‍ ജിതേന്ദ്ര ചൗധരിയും ഡോക്ടര്‍ മീനയ്ക്കും ഈ നടപടിയില്‍ പങ്കുണ്ടെന്ന് പരാതി ആരോപിക്കുന്നു.

മദ്യപിച്ച് ഫോറസ്റ്റ് റേഞ്ചര്‍ ഈ വിവരം പുറത്ത് പറഞ്ഞതായും ഇതിന് പിന്നാലെ ഫോറസ്റ്റ് കണ്‍സെര്‍വേറ്റര്‍ ജീവനക്കാരെ വിവരം പുറത്ത് പറയുന്നതില്‍ നിന്ന് വിലക്കുകയും ഭീഷണിപ്പെടുത്തിയതായും കത്തില്‍ ആരോപണമുണ്ട്. തെറ്റ് കാണിച്ച വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ടുള്ളതാണ് കത്ത്. കടുവയുടെ മീശരോമം മുറിച്ചത് സത്യമാണോയെന്ന് പരിശോധനയില്‍ വ്യക്തമാകുമെന്നും കത്ത് വിശദമാക്കുന്നു. 

click me!