പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ തകർക്കാൻ നടത്തിയ 'ഓപ്പറേഷൻ സിന്ദൂറി'ന് ശേഷം, കൂടുതൽ സ്കാൽപ് ക്രൂസ് മിസൈലുകൾ വാങ്ങാൻ ഇന്ത്യ ഫ്രാൻസുമായി 3200 കോടി രൂപയുടെ കരാറിന് ഒരുങ്ങുന്നു.
ദില്ലി: പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ തകർക്കാൻ നടത്തിയ 'ഓപ്പറേഷൻ സിന്ദൂറി'ൽ നിർണ്ണായക പങ്കുവഹിച്ച 'സ്കാൽപ്'ക്രൂസ് മിസൈലുകൾ വൻതോതിൽ വാങ്ങാൻ ഇന്ത്യ നീക്കം നടത്തുന്നു. ഫ്രാൻസുമായി ഏകദേശം 3200 കോടി രൂപയുടെ (300 മില്യൺ യൂറോ) പ്രതിരോധ കരാറിനാണ് ഇന്ത്യ കളമൊരുക്കുന്നത്.കൂടുതൽ സ്കാൽപ് മിസൈലുകൾ വാങ്ങുന്നത് സംബന്ധിച്ച് എയർഫോഴ്സാണ് ആവശ്യം മുന്നോട്ട് വെച്ചത്. ഫ്രാൻസുമായി ഇതുസംബന്ധിച്ചുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണെന്നും ഉടൻ തീരുമാനമുണ്ടാകുമെന്നും പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ഫ്രാൻസിൽ നിന്നുള്ള റാഫേൽ യുദ്ധ വിമാനങ്ങളും
ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ 'ഓപ്പറേഷൻ സിന്ദൂർ' നടത്തിയത്. പാകിസ്ഥാനിലെ മുരിദ്കെ, ബഹാവൽപൂർ എന്നിവിടങ്ങളിലെ ജെയ്‌ഷെ മുഹമ്മദ്, ലഷ്കർ-ഇ-തൊയ്ബ ഭീകരകേന്ദ്രങ്ങൾ തകർക്കാൻ ഇന്ത്യൻ വ്യോമസേന റഫാൽ വിമാനങ്ങളിൽ നിന്ന് സ്കാൽപ് മിസൈലുകളും ബ്രഹ്മോസ് മിസൈലുകളുമാണ് പ്രയോഗിച്ചത്. അതീവ കൃത്യതയോടെ ലക്ഷ്യസ്ഥാനങ്ങൾ തകർക്കാൻ ഈ മിസൈലുകൾക്ക് സാധിച്ചിരുന്നു. പാകിസ്ഥാൻ വ്യോമസേനയുടെ 12 താവളങ്ങൾ തകർക്കാനും നിരവധി യുദ്ധ, ചാര വിമാനങ്ങൾ നശിപ്പിക്കാനും ഇന്ത്യൻ സേന സ്കാൽപ് മിസൈലുകൾ ഉപയോഗിച്ചു.
സ്കാൽപ് മിസൈലുകൾ 250 മുതൽ 500 കിലോമീറ്റർ വരെ ദൂരെയുള്ള ലക്ഷ്യങ്ങൾ തകർക്കാൻ ശേഷിയുള്ളവയാണ്. നിലവിലുള്ളതിന് പുറമെ 114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാനുള്ള നടപടികളും പ്രതിരോധ മന്ത്രാലയം വേഗത്തിലാക്കിയതായി റിപ്പോർട്ടുകളുണ്ട്. അടുത്ത 10-15 വർഷത്തിനുള്ളിൽ ഇന്ത്യയുടെ കൈവശം ഏകദേശം 200 റഫാൽ വിമാനങ്ങൾ ഉണ്ടാകും.
ഇന്ത്യൻ നാവികസേനയ്ക്കായി വാങ്ങുന്ന 26 റഫാൽ മറൈൻ വിമാനങ്ങളിലും സ്കാൽപ് മിസൈലുകൾ ഘടിപ്പിക്കും.
മേഖലയിലെ വർദ്ധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികൾ കണക്കിലെടുത്ത് പ്രതിരോധ അക്വിസിഷൻ കൗൺസിൽ (DAC) വരും ദിവസങ്ങളിൽ ഈ കരാറിന് ഔദ്യോഗിക അംഗീകാരം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഈ മാസം അവസാനം ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് നിർണ്ണായക നീക്കങ്ങൾ നടക്കുന്നത്.


