
ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഒരു കശ്മീരി പണ്ഡിറ്റ് കൂടി ഭീകരവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. പൂരന്‍ ക്രിഷന്‍ ഭട്ട് എന്നയാളാണ് തെക്കന്‍ കശ്മീരിലെ ചൌധരി ഗുണ്ട് മേഖലയിലെ സ്വവസതിക്ക് സമീപം വെടിയേറ്റ് മരിച്ചത്. തിരഞ്ഞുപിടിച്ചുള്ള അക്രമമാണ് ശനിയാഴ്ച നടന്നതെന്നാണ് സംശയം. ഭട്ടിനെ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും ജീവന്‍ നഷ്ടമായിരുന്നതായി ഷോപിയാനിലെ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
അധികം പുറത്തിറങ്ങുന്ന സ്വഭാവമുള്ള ആളല്ല ഭട്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആക്രമണത്തില്‍ ഭയന്ന അവസ്ഥയിലാണെന്നും ബന്ധുക്കള്‍ പ്രതികരിക്കുന്നു. 7ാം ക്ലാസിലം 5ാം ക്ലാസിലും പഠിക്കുന്ന രണ്ട് ആണ്‍കുട്ടികളാണ് ഭട്ടിനുള്ളത്. ഷോപിയാനില്‍ തന്നെ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് മറ്റൊരു കശ്മീരി പണ്ഡിറ്റ് ഭീകരവാദികളുടെ വെടിയേറ്റ് മരിച്ചത്. വെടിയേറ്റ് മരിച്ച സുനില്‍ കുമാറെന്നയാളുടെ സഹേദരനും വെടിവയ്പില്‍ പരിക്കേറ്റിരുന്നു. ഓഗസ്റ്റ് 16നായിരുന്നു ഈ അക്രമം.
സ്വാതന്ത്ര്യ ദിവസത്തോടനുബന്ധിച്ച് നടന്ന തിരംഗ റാലികളില്‍ സജീവമായി പങ്കെടുത്തിരുന്ന രണ്ട് പേര്‍ക്കെതിരെയാണ് അക്രമം ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഇത്തരത്തില്‍ കശ്മീരി പണ്ഡിറ്റുകളെ തെരഞ്ഞു പിടിച്ച് അക്രമിക്കുന്ന സംഭവങ്ങള്‍ ഇവിടെ തുടരുകയാണ്. അതിഥി തൊഴിലാളികളും കശ്മീരി പണ്ഡിറ്റുകളുമാണ് ഇത്തരത്തില്‍ ആക്രമിക്കപ്പെട്ടവരില്‍ ഏറിയ പങ്കും. കഴിഞ്ഞ ഒക്ടോബറില്‍ അഞ്ച് ദിവസത്തെ ഇടവേളയില്‍ ഏഴ് പേരാണ് കശ്മീരില്‍ കൊല്ലപ്പെട്ടത്.
ഭട്ടിന്‍റെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം കെഎഫ്എഫ് (കശ്മീര്‍ ഫ്രീഡം ഫൈറ്റേഴ്സ്) ഏറ്റെടുത്തതായാണ് കശ്മീര്‍ ഡിഐജി സുജിത് കുമാര്‍ എഎന്‍ഐയോട് പ്രതികരിച്ചത്. ഭട്ടിനെ നേരെ മുന്‍പില്‍ വന്ന ഒരാള്‍ വെടി വയ്ക്കുകയായിരുന്നുവെന്നാണ് ദൃക്സാഷി മൊഴി അനുസരിച്ച് പൊലീസ് പറയുന്നത്. അക്രമികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam