ദില്ലി: പഞ്ചാബിൽ മതനിന്ദ ആരോപിച്ച് വീണ്ടും ആൾക്കൂട്ടക്കൊലപാതകം. ഇരുപത്തിനാല് മണിക്കൂറിനിടെയാണ് രണ്ടാമത്തെ സംഭവം നടന്നത്. സംഭവങ്ങൾ അന്വേഷിക്കാൻ സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. സംഭവത്തെ അപലപിച്ച ആര്‍എസ്എസ് ഇതിന് പിന്നിലെ ഗൂഡാലോചന പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ടു.
അമൃത്സറിലെ സുവർണ ക്ഷേത്രത്തില്‍ മതപരമായ ചടങ്ങുകൾ തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് ഇന്നലെ ഒരു യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നതിന് പിന്നാലെയാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഞെട്ടിപ്പിക്കുന്ന അടുത്ത സംഭവം.
കപൂർത്തലയിലെ ഗുരുദ്വാരയിലും മതനിന്ദയാരോപിച്ച് ഇരുപതുകാരനെ ആൾക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു. സിഖ് പതാകയെ അപമാനിച്ചുവെന്നാരോപിച്ചാണ് ആള്‍ക്കൂട്ടം യുവാവിനെ കയ്യേറ്റം ചെയ്യാന്‍ തുടങ്ങിയത്. പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തെങ്കിലും ഗുരുദ്വാരയിൽ വച്ച് തന്നെ ചോദ്യം ചെയ്യണമെന്ന് ആള്‍ക്കൂട്ടം ശഠിച്ചു. തുടര്‍ന്ന് പോലീസിന്‍റെ മുന്നില്‍ വച്ച് കൂടുതല്‍ പേര്‍ ആക്രമിക്കുകയായിരുന്നു. വലിയ വടികളുമായായിരുന്നു ആക്രമണം.
ആശുപത്രിയിലെത്തിക്കുമ്പോഴേക്കും യുവാവ് മരിച്ചു. സംഭവത്തെക്കുറിച്ചന്വേഷിച്ച് രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് പ്രത്യേക അന്വേഷണ സംഘത്തോടാവശ്യപ്പെട്ടിരിക്കുന്നത്. ക്രമസമാധാനം തകർക്കാനുള്ള ശ്രമങ്ങളെ ശക്തമായി ചെറുക്കുമെന്ന് പഞ്ചാബ് ഡിജിപി സിദ്ദാർത്ഥ് ചതോപാധ്യായ വ്യക്തമാക്കി. ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam