പൗരത്വ നിയമ ഭേദഗതി: യുദ്ധക്കളമായി ദില്ലി; നാല് ബസുകൾ കത്തിച്ചു

By Web TeamFirst Published Dec 15, 2019, 5:51 PM IST
Highlights
  • ദില്ലിയിലെ സുഖ്ദേവ് വിഹാർ, ഫ്രണ്ട്സ് കോളനി എന്നിവടങ്ങളിലാണ് അക്രമം അരങ്ങേറിയത്
  • പ്രതിഷേധം അക്രമാസക്തമായതിന് പിന്നിൽ പുറത്ത് നിന്ന് എത്തിയവരാണെന്നും വിദ്യാർത്ഥികൾ ആരോപിച്ചു

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ യുദ്ധക്കളമായി ദില്ലി. ദില്ലിയിലെ ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാലയ്ക്കു സമീപമാണ് ഇന്ന് ശക്തമായ പ്രതിഷേധം അരങ്ങേറിയത്.

പ്രതിഷേധക്കാർ ദില്ലിയിലെ നാല് ബസുകൾ കത്തിച്ചു. ഇവരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ദില്ലിയിലെ സുഖ്ദേവ് വിഹാർ, ഫ്രണ്ട്സ് കോളനി എന്നിവടങ്ങളിലാണ് അക്രമം അരങ്ങേറിയത്.

ബസുകൾ കത്തിച്ചതിന് പുറമെ ഫയർഫോഴ്സിന്റെ വാഹനങ്ങളും പ്രതിഷേധക്കാർ തകർത്തിരുന്നു.  രണ്ട് അഗ്നിശമനസേനാംഗങ്ങൾക്ക് പരിക്കേറ്റതായാണ് ഇവിടെ നിന്ന് ലഭിക്കുന്ന വിവരം.

പ്രതിഷേധത്തിൽ ആംആദ്മി പാർട്ടി എംഎൽഎമാരും പങ്കെടുത്തിരുന്നുവെന്നാണ് വിവരം. പക്ഷെ ആം ആദ്മി പാർട്ടിക്ക് പങ്കില്ലെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു. ബസുകൾ കത്തിച്ചത് തങ്ങളല്ലെന്നും ഇന്നത്തെ പ്രതിഷേധം അക്രമാസക്തമായതിന് പിന്നിൽ പുറത്ത് നിന്ന് എത്തിയവരാണെന്നും ജാമിയ മിലിയ സർവകലാശാല വിദ്യാർത്ഥികൾ പറഞ്ഞു.

 

click me!