ജാമിയ തുറന്നു; പൗരത്വ പ്രക്ഷോഭം ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക്

By Web TeamFirst Published Jan 7, 2020, 6:57 AM IST
Highlights

സമരത്തിന്‍റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാനാണ് ജാമിയാ സമര സമിതിയുടെ തീരുമാനം. പ്രധാന കവാടത്തിന് മുന്നിൽ ഇന്നും യോഗങ്ങൾ തുടരും.

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല സമരം ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക്. ഇന്നലെ ക്യാമ്പസ് തുറന്നതോടെ പ്രതിഷേധ സമരത്തിലേക്ക് നിരവധി വിദ്യാർത്ഥികളെത്തി. ചില പഠന വകുപ്പുകളിലെ പരീക്ഷ പൂർത്തിയാക്കാത്തതിനാൽ ക്ലാസ് തുടങ്ങാൻ വൈകുമെന്ന് സർവകലാശാല അറിയിച്ചു. 

അതേസമയം, പൊലീസ് നടപടിയിൽ തകർന്ന ക്യാമ്പസ് ലൈബ്രറിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. വിദ്യാർത്ഥികളുടെ സമരത്തിന് പിന്തുണ അറിയിച്ചു. യശ്വന്ത് സിൻഹ, ബ്രിന്ദ കാരാട്ട് എന്നിവർ ഇന്നലെ ജാമിയയില്‍ എത്തിയിരുന്നു. ഇന്നും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ പ്രതിഷേധ സമരത്തിൽ പങ്കെടുക്കും. വിദ്യാർത്ഥികൾ എത്തിയതോടെ സമരത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാനാണ് ജാമിയാ സമര സമിതിയുടെ തീരുമാനം. പ്രധാന കവാടത്തിന് മുന്നിൽ ഇന്നും യോഗങ്ങൾ തുടരും.

പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ ശക്തമായതോടെ ഡിസംബർ 15 നാണ് ക്യാമ്പസ് അടച്ചിട്ടത്. ക്യാമ്പസിനകത്ത് പൊലീസ് കയറിയതും വിദ്യാര്‍ത്ഥികളെ തല്ലിയതും വലിയ വിവാദവുമായിരുന്നു. രാജ്യവ്യാപകമായി ഉയര്‍ന്നുവന്ന പൗരത്വ പ്രതിഷേധങ്ങള്‍ക്ക് തുടക്കമിട്ടതും ജാമിയയിലെ വിദ്യാര്‍ത്ഥികളായിരുന്നു. പ്രതിഷേധ സമരം ശക്തമായി തുടരുമെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.

click me!