ജെഎൻയു: ഐഷി ഘോഷിനെതിരെ കേസ്, അക്രമം അഴിച്ചുവിട്ടതിൽ ഒരു അറസ്റ്റ് പോലുമില്ല

By Web TeamFirst Published Jan 7, 2020, 5:56 AM IST
Highlights

ആക്രമണത്തിന് പൊലീസ് സഹായം നൽകിയെന്ന ആരോപണം നിലനിൽക്കെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഇതിനിടെ, ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്‍റ് ഐഷി ഘോഷിനെതിരെ കേസെടുത്തു.

ദില്ലി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ മുഖം മൂടി ആക്രമണം നടന്നിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടും ആക്രമികളെ പിടികൂടാനാകാതെ ദില്ലി പൊലീസ്. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതായി ദില്ലി പൊലീസ് ഡിസിപി ദേവേന്ദ്ര ആര്യ അറിയിച്ചു. പ്രതികളെ തിരിച്ചറിയാനുള്ള അന്വേഷണം ആരംഭിച്ചതായും വേഗത്തിൽ അന്വേഷണം പൂർത്തിയാക്കുമെന്നും ഡിസിപി പറഞ്ഞു. 

ആക്രമണത്തിന് പൊലീസ് സഹായം നൽകിയെന്ന ആരോപണം നിലനിൽക്കെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. അതേസമയം, സർവകലാശാലയുടെ ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം തകരാറിലാക്കിയെന്ന പരാതിയിൽ യൂണിയൻ പ്രസിഡന്‍റ് ഐഷി ഘോഷ് അടക്കം 19 പേർക്കെതിരെ ദില്ലി പൊലീസ് കേസെടുത്തു. ജനുവരി നാലിന് ക്യാമ്പസിലെ സെർവർ റൂമിൽ നാശനഷ്ടം വരുത്തിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സുരക്ഷ ഉദ്യാഗസ്ഥരെ ആക്രമിച്ചെന്നും എഫ്ഐർആറിൽ പറയുന്നു. സർവകലാശാല അധികൃതരാണ് പൊലീസിൽ പരാതി നൽകിയത്.

Also Read: ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്‍റ് ഐഷി ഘോഷിനെതിരെ കേസ്

ഞായറാഴ്ച രാത്രിയാണ് ജെഎന്‍യുവില്‍ പുറത്ത് നിന്നെത്തിയ സംഘം അധ്യാപകരെയും അനധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ക്രൂരമായി തല്ലിചതച്ചത്. ഇതിനെതിരെ ദില്ലി പൊലീസിനെതിരെയും സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെയും വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് യൂണിയന്‍ പ്രസിഡന്‍റും അക്രമത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത ഐഷിക്കെതിരെ കേസെടുത്ത വാര്‍ത്ത പുറത്ത് വരുന്നത്. അതേസമയം, ജെഎന്‍യുവില്‍ നടന്ന അക്രമസംഭവങ്ങള്‍ക്ക് ശേഷം പ്രതികരണവുമായി ഐഷി ഘോഷ് രംഗത്ത് വന്നിരുന്നു. പ്രതിഷേധത്തില്‍ നിന്ന് ഒരിഞ്ചു പോലും പിന്‍വാങ്ങില്ലെന്ന് ഐഷി വ്യക്തമാക്കി. 

Also Read: 'ചുറ്റികയെടുത്ത് തല അടിച്ചു പൊളിക്കാൻ ശ്രമം, വാക്കുകൾ കൊണ്ട് നേരിടും', ഐഷി ഘോഷ്

click me!