ലക്നൗവിൽ വ്യാപക സംഘർഷം; ബസും കാറുമടക്കം 37 വാഹനങ്ങൾ കത്തിച്ചു, സമ്മർദ്ദത്തിന് കീഴടങ്ങില്ലെന്ന് യോഗി ആദിത്യനാഥ്

By Web TeamFirst Published Dec 19, 2019, 7:07 PM IST
Highlights
  • പ്രതിപക്ഷത്തിന്റെ സമ്മർദ്ദത്തിന് കീഴടങ്ങില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
  • മൂന്ന് ബസുകളും 10 കാറുകളും 20 ബൈക്കുകളും നാല് ഒബി വാനുകളും കത്തിച്ചു

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ യുപിയിൽ നടന്ന പ്രതിഷേധത്തിനിടെ ലക്‌നൗവിൽ 37 വാഹനങ്ങളെങ്കിലും അഗ്നിക്കിരയാക്കിയെന്ന് റിപ്പോർട്ട്. മാധ്യമസ്ഥാപനങ്ങളുടെ നാല് ഓബി വാനുകളും ഇതിൽ പെടും. മൂന്ന് ബസുകളും 10 കാറുകളും 20 ബൈക്കുകളുമാണ് കത്തിച്ചത്.

അതേസമയം പ്രതിപക്ഷത്തിന്റെ സമ്മർദ്ദത്തിന് കീഴടങ്ങില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. പ്രതിഷേധം അക്രമത്തിലേക്ക് പോകാൻ അനുവദിക്കില്ല. കടുത്ത നടപടികളുണ്ടാവും. പൊതുമുതൽ നശിപ്പിച്ചവരുടെ സ്വത്ത് കണ്ടുകെട്ടുമെന്നും അദ്ദേഹം പറഞ്ഞു.

യുപി തലസ്ഥാനമായ ലക്നൗവിൽ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിവീശിയതാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ സംഘർഷം പടർന്നു. വൻതോതിൽ അക്രമങ്ങൾ അരങ്ങേറുകയായിരുന്നു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചെങ്കിലും ഒന്നും നടന്നില്ല.

ലക്നൗ നഗരത്തിലെ ഓള്‍ഡ് സിറ്റി മേഖലയിലാണ് പ്രതിഷേധം അണപൊട്ടിയത്. പ്രതിഷേധസാധ്യത മുന്നില്‍ കണ്ട് ഇവിടെ വന്‍തോതില്‍ പൊലീസിനെ വിന്യസിച്ചിരുന്നു.  ലൗക്നൗ കൂടാതെ ദില്ലി-യുപി അതിര്‍ത്തി പ്രദേശങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ സംമ്പാലില്‍ ഇതിനോടകം ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കിയിട്ടുണ്ട്. 

ക്രമസമാധാനനില പുനസ്ഥാപിച്ച ശേഷമേ സംമ്പലില്‍ ഇന്‍റര്‍നെറ്റ് സേവനം പുനസ്ഥാപിക്കൂവെന്ന് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. ഗുജറാത്തിലെ അഹമ്മബാദിലും പൗരത്വബില്ലിനെതിരെ ശക്തമായ പ്രതിഷേധസമരമാണ് അരങ്ങേറിയത്. പ്രതിഷേധം പൊലീസ് തടയുകയും പിന്നീട് ലാത്തി ചാര്‍ജ് നടത്തി പ്രതിഷേധക്കാരെ ഓടിച്ചു വിടുകയും ചെയ്തു. 

click me!