ഉത്തര്‍പ്രദേശിൽ മരണം 11 ആയി; ബിഹാര്‍ ബന്ദിൽ വ്യാപക അക്രമം

By Web TeamFirst Published Dec 21, 2019, 11:05 AM IST
Highlights
  • ബിഹാറിൽ ആര്‍ജെഡി ബന്ദിനിടെ വ്യാപക അക്രമം
  • ഉത്തര്‍പ്രദേശിൽ മരണം പതിനൊന്നായി 
  • 21 നഗരങ്ങളിൽ ഇന്‍റര്‍നെറ്റ് നിരോധിച്ചു
  • മധ്യപ്രദേശിൽ 50 ഇടത്ത് നിരോധനാജ്ഞ
  • അസമിൽ കര്‍ഫ്യുവിൽ ഇളവ് 

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തരേന്ത്യയിൽ വ്യാപക പ്രതിഷേധവും അക്രമവും . ഉത്തര്‍പ്രദേശിൽ മാത്രം മരണം പതിനൊന്നായി. ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജൻസിയാണ് കണക്ക് പുറത്ത് വിട്ടത്. വ്യാപക പ്രതിഷേധമാണ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിൽ ഉണ്ടായത്. അക്രമികൾക്ക് എതിരെ വെടിയുതിര്‍ത്തിട്ടില്ലെന്നാണ് പൊലീസ് അവകാശപ്പെടുന്നതെങ്കിലും മരണങ്ങൾ മിക്കതും വെടിയേറ്റു വീണാണെന്നാണ് വിവരം.

അക്രമങ്ങളിൽ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടേയും നില അതീവ ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലഖ്നൗവിൽ മരിച്ചയാൾക്കും വയറിൽ വെടിയേറ്റിട്ടുണ്ട്. എന്നാൽ വെടിയുതിര്‍ത്തെന്ന ആരോപണം പൊലീസ് നിഷേധിക്കുക്കുകയാണ്.

ഉത്തര്‍പ്രദേശിൽ 21 നഗരങ്ങളിൽ നിരോധനാജ്ഞ നിലവിലുണ്ട്. മീററ്റ് , അലിഗഡ് തുടങ്ങിയ ഇടങ്ങളിൽ റെഡ് അലര്‍ട്ട് നിലവിലുണ്ട്. സംഘര്‍ഷങ്ങൾ നിയന്ത്രിക്കാൻ യുപി മുഖ്യമന്ത്രി അടക്കം പങ്കെടുത്ത ഉന്നത തല യോഗം ചേര്‍ന്നു. ആവശ്യമെങ്കിൽ കൂടുതൽ സേനയെ വിന്യസിച്ചേക്കാൻ ഇടയുണ്ട്. അക്രമങ്ങളുണ്ടായാൽ കര്‍ശനമായി നേരിടുമെന്നും യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  മധ്യപ്രദേശിൽ 50 ഇടത്താണ് നിരോധനാജ്ഞ നിലവിലുള്ളത് അതേസമയം അസമിൽ സ്ഥിതിഗതികൾ ശാന്തമാകുന്നു എന്ന സൂചനയാണ് ഉള്ളത്. അസമിൽ പ്രഖ്യാപിച്ച കര്‍ഫ്യുവിൽ 16 മണിക്കൂര്‍ ഇളവ് നൽകിയിട്ടുണ്ട്. 

ബിഹാറിൽ ആര്‍ജെഡി ബന്ദിനിടെ വ്യാപക ആക്രമണങ്ങളാണ് നടക്കുന്നത്. പ്രതിഷേധക്കാര്‍ തീവണ്ടികൾ തടഞ്ഞു. ട്രാക്കിൽ കയറി നിന്നാണ് പലയിടങ്ങളിലും പ്രതിൽഷേധങ്ങൾ നടക്കുന്നത്. ബന്ദ് പലേടത്തും അക്രമാസക്തമായി. റോഡിൽ ടയറുകൾ കൂട്ടിയിട്ട് കത്തിക്കുന്നത് അടക്കമുള്ള പ്രതിഷേധങ്ങളും നടക്കുകയാണ്. ഗുജറാത്തിലും പ്രതിഷേധങ്ങൾ ശക്തമാകുകയാണ്. 
 

click me!