
ദില്ലി: രാജ്യത്ത് കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രമേയം കൊണ്ടുവരാന്‍ നീക്കം. പഞ്ചാബിന് പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും സിഎഎയ്ക്കെതിരായ പ്രമേയം കൊണ്ടുവരാന്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ മധ്യപ്രദേശിലും ഛത്തീസ്ഗഢിലും കൂടി ഈ തീരുമാനം നടപ്പിലാക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ പറഞ്ഞു.
പഞ്ചാബിന് ശേഷം രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. നിയമം പുന:പരിശോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് ശക്തമായ സന്ദേശം നല്‍കുന്നതാവും ഇതെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
രാജസ്ഥാനില്‍ ജനുവരി 24ന് തുടങ്ങുന്ന ബജറ്റ് സെഷനിലാണ് പ്രമേയം അവതരിപ്പിക്കുക. രാജസ്ഥാന്‍ നിയമസഭ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിക്കണമെന്ന് ബിഎസ്പിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ എംഎല്‍എ വാജിബ് അലി മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിന് കത്തെഴുതിയിരുന്നു.
Read More: പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കുമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍
പൗരത്വ നിയമ ഭേദഗതിക്കെതിരെ ആദ്യം കേരള നിയമസഭയാണ് പ്രമേയം പാസാക്കിയത്. പ്രമേയത്തെ ബിജെപിയുടെ ഏക എംഎല്‍എയായ ഒ രാജഗോപാല്‍ എതിര്‍ത്തില്ല എന്നത് ശ്രദ്ധേയമായിരുന്നു. പിന്നീട് കേരളത്തിന്‍റെ മാതൃക സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 11 മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതി. തുടര്‍ന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ് നിയമസഭയും പ്രമേയം പാസാക്കിയതോടെയാണ് കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ രാജസ്ഥാനും രംഗത്തെത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam