ജനങ്ങളെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നവരാണ് രാജ്യത്തിന്റെ ശത്രുവെന്ന് പ്രിയങ്ക ഗാന്ധി

By Web TeamFirst Published Apr 15, 2020, 9:15 PM IST
Highlights

 ഗുജറാത്തില്‍ കൊവിഡ് രോഗികളെ മതാടിസ്ഥാനത്തില്‍ പ്രത്യേക വാര്‍ഡുകളിലാക്കിയ ആശുപത്രിയെ കുറിച്ചുള്ള റിപ്പോര്‍ട്ട് വലിയ വിവാദങ്ങള്‍ സൃഷ്ടിക്കുമ്പോഴാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.

ലക്‌നൗ: ജനങ്ങളെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നവരാണ് രാജ്യത്തിന്റെ അതിനികൃഷ്ടമായ ശത്രുവെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഗുജറാത്തില്‍ കൊവിഡ് രോഗികളെ മതാടിസ്ഥാനത്തില്‍ പ്രത്യേക വാര്‍ഡുകളിലാക്കിയ ആശുപത്രിയെ കുറിച്ചുള്ള റിപ്പോര്‍ട്ട് വലിയ വിവാദങ്ങള്‍ സൃഷ്ടിക്കുമ്പോഴാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.

ഹിന്ദുക്കളെയും മുസ്ലീങ്ങളെയും വേര്‍തിരിച്ച് പ്രത്യേക വാര്‍ഡുകളിലാക്കിയ അഹമ്മദാബാദ് സിവില്‍ ആശുപത്രയുടെ നടപടിയാണ് വിവാദത്തിലായത്. സാധാരണ സ്ത്രീക്കള്‍ക്കും പുരുഷന്മാര്‍ക്കും എന്ന രീതിയിലാണ് പ്രത്യേക വാര്‍ഡുകള്‍ നല്‍കാറുള്ളത്. എന്നാല്‍, ഹിന്ദുക്കളെയും മുസ്ലീങ്ങളെയും വേര്‍തിരിച്ച് പ്രത്യേക വാര്‍ഡ് നല്‍കിയത് സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പക്ഷേ, ഗുജറാത്ത് ഉപമുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയുമായ നിതിന്‍ പട്ടേല്‍ ഇങ്ങനെ ഒരു വേര്‍തിരിവ് സംബന്ധിച്ച് യാതൊരു അറിവുമില്ലെന്നാണ് പ്രതികരിച്ചതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. വിഷയത്തില്‍ പ്രതികരിക്കാന്‍ ആശുപത്രി അധികൃതര്‍ തയാറാകുന്നില്ലെന്നാണ് ദി ഹിന്ദുവിന്റെ റിപ്പോര്‍ട്ട്.

എന്നാല്‍, ഒരു പ്രത്യേക ന്യൂനപക്ഷങ്ങള്‍ക്ക് ഇടയില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും ദില്ലിയില്‍ നടന്ന ഒരു മതചടങ്ങില്‍ പങ്കെടുത്തതാണ് രോഗം പടരാന്‍ കാരണമായതെന്നുമുള്ള അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വേര്‍തിരിവ് കൊണ്ടു വന്നതെന്നും ആശുപത്രിയില്‍ നിന്ന് വിവരം ലഭിച്ചതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹിന്ദു വിഭാഗത്തില്‍ ഉള്‍പ്പെട്ട കുറിച്ച് പേര്‍ മുസ്ലീം വിഭാഗത്തിലുള്ളവരുടെ കൂടെ ആകുന്നതില്‍ പ്രശ്‌നമുണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക വാര്‍ഡ് ഒരുക്കിയതെന്ന് പേര് വെളിപ്പെടുത്താന്‍ തയാറാകാതിരുന്ന ഒരു ഡോക്ടര്‍ സ്ഥിരീകരിച്ചതായി ദി ഹിന്ദുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

click me!