രോഹിത് തിവാരിയുടെ മരണം; ഭാര്യ അറസ്റ്റില്‍

By Web TeamFirst Published Apr 24, 2019, 12:48 PM IST
Highlights

രോഹിത് തിവാരിയുടെ മരണത്തില്‍ ഭാര്യ അപൂര്‍വ്വ ശുക്ല തിവാരി അറസ്റ്റില്‍. കഴിഞ്ഞ മൂന്നു ദിവസമായി ഇവരെ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയായിരുന്നു

ദില്ലി: ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖറിന്‍റെ കൊലപാതകത്തില്‍ ഭാര്യ അപൂര്‍വ്വ ശുക്ല തിവാരി അറസ്റ്റില്‍. കഴിഞ്ഞ മൂന്നു ദിവസമായി ഇവരെ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയായിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കഴിഞ്ഞ ഏപ്രില്‍ 16 നാണ് ദില്ലിയിലെ ഡിഫന്‍സ് കോളനിയിലെ വസതിയിൽ ഗുരുതരാവസ്ഥയില്‍  രോ​​​ഹിത്തിനെ കണ്ടെത്തിയത്.തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

ഹൃദയാഘാതമാണ്  മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും  പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിയുകയായിരുന്നു. ഇതേത്തുടര്‍ന്ന് സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ അപൂര്‍വയെയും  രണ്ട് ജോലിക്കാരെയും ദില്ലി പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിനെത്തുടര്‍ന്ന് ലഭിച്ച  തെളിവുകളുടെ അടിസ്ഥാനത്തിലാണ് അപൂര്‍വയെ പൊലീസ് അറസ്റ്റ് ചെയ്തത്. 

അപൂര്‍വയ്ക്കും ബന്ധുക്കള്‍ക്കും രോഹിത്തിന്‍റെ സ്വത്തില്‍ കണ്ണുണ്ടെന്നും രോഹിത്തിന് അപൂര്‍വയെ ഇഷ്ടമുണ്ടായിരുന്നില്ലെന്നുള്ള വെളിപ്പെടുത്തലുകളുമായി രോഹിത്തിന്‍റെ അമ്മ ഉജ്ജ്വലയും നേരത്തെ രംഗത്തെത്തിയിരുന്നു. തന്‍റെ മകന്‍റെ സ്വത്ത് തട്ടിയെടുക്കാന്‍ അപൂര്‍വ ശ്രമിച്ചിരുന്നെന്നും ഉജ്ജ്വല പൊലീസിനോട് വ്യക്തമാക്കിയിരുന്നു. 

യുപി മുന്‍ മുഖ്യമന്ത്രി എന്‍ഡി തിവാരി തന്‍റെ അച്ഛനാണെന്ന് തെളിയിക്കാന്‍ നടത്തിയ നിയമപോരാട്ടത്തിലൂടെയാണ് രോഹിത് രാജ്യത്തിന്‍റെ ശ്രദ്ധ നേടിയത്. രോഹിത്തിന്‍റെ പിതൃത്വം ആദ്യം നിഷേധിച്ച എന്‍ ഡി തിവാരിക്കെതിരെ രോഹിത് 2007 ല്‍ ദില്ലി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം നടത്തിയ ഡിഎൻഎ പരിശോധനയില്‍ തിവാരി തന്നെയാണ് അച്ഛനെന്ന് വ്യക്തമാകുകയായിരുന്നു. പിന്നീട് ഇക്കാര്യം പരസ്യമായി സമ്മതിച്ച തിവാരി, രോഹിതിന്‍റെ അമ്മ ഉജ്ജ്വലയെ വിവാഹം കഴിക്കുകയും ചെയ്തു. അപൂര്‍വ്വയുടെ അറസ്റ്റോടെ രോഹിത്തിന്‍റെ കൊലപാതകത്തിന്‍റെ ചുരുളഴിയുകയാണ്. 

click me!