ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പരാതി; പരാതിക്കാരിക്ക് അന്വേഷണ സമിതിയുടെ നോട്ടീസ്

By Web TeamFirst Published Apr 24, 2019, 10:51 AM IST
Highlights

 ജസ്റ്റിസ് എസ് എ ബോബ്ഡേ സമിതിയാണ് പരാതിക്കാരിക്ക് നോട്ടീസ് അയച്ചത്. പരാതി അന്വേഷിക്കാൻ ഇന്നലെയാണ് മൂന്നംഗ സമിതി രൂപീകരിച്ചത്.

ദില്ലി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരായ ലൈംഗിക ആരോപണത്തിൽ പരാതിക്കാരിക്ക് അന്വേഷണ സമിതിയുടെ നോട്ടീസ്. ജസ്റ്റിസ് എസ് എ ബോബ്ഡേ അധ്യക്ഷനായ മൂന്നംഗ സമിതിയാണ് നോട്ടീസ് അയച്ചത്. ഏപ്രിൽ 26 ന് സമിതിക്ക് മുമ്പാകെ ഹാജരാകണം എന്നാണ് നിര്‍ദ്ദേശം.  പരാതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ രജിസ്ട്രിക്ക് നിർദ്ദേശം നല്‍കി. പരാതി അന്വേഷിക്കാൻ ഇന്നലെയാണ് മൂന്നംഗ സമിതി രൂപീകരിച്ചത്. ജസ്റ്റിസ് എൻ വി രമണ, ഇന്ദിര ബാനർജി എന്നിവരടങ്ങിയ ഈ സമിതിയാണ് പരാതിയിലെ തുടർ നടപടികൾ തീരുമാനിക്കുക.

അതേസമയം, ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ ലൈംഗിക ആരോപണത്തിൽ കുടുക്കാൻ ഒന്നര കോടി രൂപ വാഗ്ദാനം ലഭിച്ചെന്ന അഭിഭാഷകനായ ഉത്സവ് സിംഗ് ബയസിന്‍റെ സത്യവാങ്മൂലം ഇന്ന് സുപ്രീംകോടതി പരിശോധിക്കും. സത്യവാങ്മൂലം പരിശോധിക്കാനായി ഇന്നലെ കോടതി ചേര്‍ന്നെങ്കിലും അഭിഭാഷകൻ കോടതിയിൽ എത്താത്തതുകൊണ്ട് കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കോടതിയിൽ ഹാജരാകാൻ അഭിഭാഷകന് നോട്ടീസ് നൽകിയിട്ടുണ്ട്. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, റോഹിന്ദൻ നരിമാൻ, ദീപക് ഗുപ്ത എന്നിവരാണ് കേസ് പരിഗണിക്കുക. 

ജെറ്റ് എയർവേയ്‍സിന്‍റെ ഉടമ നരേഷ് ഗോയലും വാതുവയ്പ്പുകാരനും ഇടനിലക്കാരനുമായ രമേശ് ശർമയുമാണ് ലൈംഗിക ആരോപണത്തിന് പിന്നിലെന്ന് ഉത്സവ് ബെയ്ൻസ് ആരോപിച്ചത്. പ്രതിസന്ധിയിലായ ജെറ്റ് എയർവേയ്‍സിനെതിരായ ഹർജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെ അനുകൂല വിധി കിട്ടാനും കടങ്ങൾ എഴുതിത്തള്ളാനുമായി നരേഷ് ഗോയൽ ചീഫ് ജസ്റ്റിസിന് കോഴ കൊടുക്കാൻ ശ്രമിച്ചെന്നായിരുന്നു ഉത്സവ് ബെയ്‍ൻസിന്‍റെ വെളിപ്പെടുത്തൽ. ജെറ്റ് എയർവേയ്‍സിൽ ദാവൂദ് ഇബ്രാഹിമിന് നിക്ഷേപമുണ്ടെന്നും, കോഴ കൊടുക്കാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ ഗതി കെട്ട്, ഇത്തരമൊരു വ്യാജ ആരോപണം ഉന്നയിക്കുകയായിരുന്നു എന്നുമാണ് അഭിഭാഷകൻ പറയുന്നത്. 

പരാതിക്ക് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം അതീവ അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. പരാതിയിലുള്ള ആരോപണങ്ങളെല്ലാം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നിഷേധിച്ചു. തന്നെ സ്വാധീനിക്കാൻ കഴിയാത്തതിനാലാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. താൻ രാജിവയ്ക്കില്ലെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേ‍ർത്തു.

click me!