ജഡ്ജിമാരുടെ നിയമനം:'കൊളീജിയം ആവർത്തിച്ച് നൽകുന്ന ശുപാർശകൾ അംഗീകരിക്കാൻ കേന്ദ്രം ബാധ്യസ്ഥർ'

By Web TeamFirst Published Jan 12, 2023, 12:56 PM IST
Highlights

 മുന്നറിയിപ്പുമായി സുപ്രീം കോടതി.1993 ലെ ജഡ്ജസ് കേസിലെ ഒമ്പതംഗ ഭരണഘടന ബെഞ്ചിന്‍റെ  വിധി ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്ത്

ദില്ലി:ജഡ്ജിനിയമനത്തിൽ കേന്ദ്രത്തിന് മുന്നറിയിപ്പുമായി സുപ്രീം കോടതി. ആവർത്തിച്ച് നൽകുന്ന ശുപാർശകൾ അംഗീകരിക്കാൻ കേന്ദ്രം ബാധ്യസ്ഥരാണെന്ന് കൊളീജീയം സർക്കാരിന് കത്ത് നല്കി.  ജൂഡീഷ്യറിക്കും സർക്കാരിനുമിടയിലെ ഏറ്റമുട്ടൽ രൂക്ഷമാകുന്നതിനിടെ കോടതിക്കെതിരായ  ഉപരാഷ്ട്രപതിയുടെ വിമർശനം ലോക്സഭാ സ്പീക്കറും ആവർത്തിച്ചു.

വിവിധ ഹൈക്കോടതികളിലേക്കുള്ള ജഡ്ജിമാരുടെ നിയമനത്തിനായുള്ള ശുപാർശ കഴിഞ്ഞ ദിവസം കേന്ദ്രത്തിന് കൊളീജിയം കൈമാറിയിരുന്നു. ഇതിൽ അഭിഭാഷകനായ നാഗേന്ദ്ര രാമചന്ദ്ര നായികിനെ കർണാടക ഹൈക്കോടതി ജഡ്ജിയായി നിയമിക്കാനുള്ള ശുപാർശ കേന്ദ്രത്തിന് മൂന്നാമതും നൽകി കൊണ്ടാണ് അസാധാരണ നടപടി. അവർത്തിച്ച്  നൽകുന്ന ശുപാർശ അംഗീകരിക്കാൻ കേന്ദ്രത്തിന് ബാധ്യത ഉണ്ടെന്നാണ്  കൊളീജീയം  ഓർമ്മപ്പെടുത്തുന്നത്. 

1993 ലെ ജഡ്ജസ് കേസിലെ ഒമ്പതംഗ ഭരണഘടന ബെഞ്ചിന്റെ വിധിയാണ് കൊളീജീയം ഇതിനായി ചൂണ്ടിക്കാട്ടുന്നത്. ശുപാര്‍ശക്കൊപ്പം  കേന്ദ്ര നിയമ മന്ത്രാലയത്തിന് നൽകിയ കത്തിലാണ് ഈക്കാര്യം പറയുന്നത്. നവംബറിൽ കേരള ഹൈക്കോടതിയിലേക്ക് അഭിഭാഷകരായ  അരവിന്ദ് കുമാർ ബാബു, കെ.എ സഞ്ജിത എന്നിവരെ ജഡ്ജിമാരായി നിയമിക്കാനുള്ള ശുപാർശ കേന്ദ്രം മടക്കിയിരുന്നു. അലഹബബാദ്, കൊൽക്കത്ത ഹൈക്കോടതിയിലേക്കുള്ള പേരുകളും കേന്ദ്രം നേരത്തെ മടക്കി. ഇതിലുള്ള അതൃപ്തി കൂടിയാണ് കൊളീജിയം വ്യക്തമാക്കുന്നത്. 

44 ഹൈക്കോടതി ജഡ്ജിമാരുടെ ശുപാർശയിൽ  ഉടൻ തീരുമാനമെന്ന് എജി സുപ്രീം കോടതിയെ അറിയിച്ചെങ്കിലും ഇതിൽ ഉത്തരവ് ഇതുവരെ പുറത്ത് വന്നിട്ടില്ല.   ഇതിനിടെ നിയമനിർമ്മാണസഭകളുടെ അധികാരത്തെ കോടതികൾ മാനിക്കണമെന്നും ജൂഡീഷ്യൽ ആക്ടിവിസം ഉപേക്ഷിക്കണമെന്നും ലോക്സഭാ സ്പീക്കർ ഓം ബിർള പറഞ്ഞു. അധികാരമേറ്റ ശേഷം ജുഡീഷ്യറിക്കെതിരെ ഉപരാഷ്ട്രപതി തുടർച്ചയായി പരസ്യ നിലപാട് സ്വീകരിക്കുകയാണ്. പിന്നാലെ സ്പീക്കറുടെ ഈ വിമർശനം സർക്കാരിൻറെ പൊതു രാഷ്ട്രീയ നിലപാടിൻറെ കൂടി സൂചനയാകുകയാണ്. 

click me!