''കോൺഗ്രസ്-ബിജെപി സഖ്യത്തിനെതിരെ ദില്ലിയിൽ പോരാടാൻ ആം ആദ്മി തയ്യാറാണ്. ഈ അവിശുദ്ധ കൂട്ടുകെട്ടിനെ ജനങ്ങൾ പരാജയപ്പെടുത്തും.'' കെജ്രിവാൾ ട്വിറ്ററിൽ കുറിച്ചു.
ദില്ലി: ആം ആദ്മി പാർട്ടിയുമായി സഖ്യത്തിനില്ലെന്ന ദില്ലി കോൺഗ്രസ് ഘടകത്തിന്റെ തീരുമാനത്തിന് പിന്നാലെ ഗുരുതര ആരോപണവുമായി ആം ആദ്മി പാർട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും തമ്മിൽ രഹസ്യധാരണയുണ്ടെന്നാണ് കെജ്രിവാളിന്റെ ആരോപണം. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും കെജ്രിവാൾ ആരോപിച്ചു. ദില്ലിയിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനമെന്ന് കോൺഗ്രസ് അറിയിച്ചിരുന്നു.
ദില്ലി മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഷീലാ ദീക്ഷിത് ആംആദ്മിയുമായി സഖ്യത്തിനില്ലെന്ന് നിലപാട് വ്യക്തമാക്കിയിരുന്നു. ''മോദി- അമിത്ഷാ കൂട്ടുകെട്ടിനെ പരാജയപ്പെടുത്താനാണ് രാജ്യം മുഴുവൻ ആഗ്രഹിക്കുന്നത്. എന്നാൽ ബിജെപിയെ സഹായിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത്. ബിജെപിയുമായുള്ള രഹസ്യധാരണയിൻ മേലാണ് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്ന് ഊഹാപോഹങ്ങളുണ്ട്. കോൺഗ്രസ്-ബിജെപി സഖ്യത്തിനെതിരെ പോരാടാൻ ആം ആദ്മി തയ്യാറാണ്. ഈ അവിശുദ്ധ കൂട്ടുകെട്ടിനെ ജനങ്ങൾ പരാജയപ്പെടുത്തും.'' കെജ്രിവാൾ ട്വിറ്ററിൽ കുറിച്ചു. ലോക്സഭാ സീറ്റിലേക്ക് മത്സരിക്കുന്ന ഏഴ് സ്ഥാനാർത്ഥികളുടെ പട്ടിക നേരത്തെ തന്നെ ആംആദ്മി പ്രഖ്യാപിച്ചിരുന്നു.