'എനിക്ക് ഒരു പാസ്പോർട്ട് വേണം, ഉപരിപഠനത്തിന് പോകണം', അഫ്‍സൽ ഗുരുവിന്‍റെ മകൻ പറയുന്നു

By Web TeamFirst Published Mar 5, 2019, 4:59 PM IST
Highlights

പത്താംക്ലാസ്സിൽ 95%, പന്ത്രണ്ടാംക്ലാസ്സിൽ 86% - മികച്ച മാർക്കുകൾ കരസ്ഥമാക്കിയ ഈ മിടുക്കന് ഇനി ഉപരിപഠനത്തിന് വിദേശത്തേയ്ക്ക് പോകണം. 

ബാരാമുള്ള: വിദേശപഠനത്തിനായി പാസ്‍പോർട്ട് നൽകണമെന്ന് കേന്ദ്രസർക്കാരിനോട് അഭ്യർഥിച്ച് അഫ്‍സൽ ഗുരുവിന്‍റെ മകൻ ഗാലിബ് ഗുരു. പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും മികച്ച മാർക്ക് വാങ്ങിയ ഗാലിബിന് വിദേശത്ത് നിന്ന് മെഡിക്കൽ പഠനത്തിനായി നിരവധി അവസരങ്ങളാണ് എത്തുന്നത്. എന്നാൽ ഇതെല്ലാം കിട്ടണമെങ്കിൽ തനിയ്ക്ക് ഒരു പാസ്പോർട്ട് വേണമെന്ന് പറയുന്നു ഗാലിബ് ഗുരു. 

'അന്താരാഷ്ട്ര മെഡിക്കൽ പഠനത്തിന് എനിക്ക് സ്കോളർഷിപ്പ് വാഗ്ദാനങ്ങൾ ഉണ്ട്. ഒരു പാസ്‍പോർട്ട് നൽകണമെന്ന് സർക്കാരിനോട് അഭ്യർഥിക്കുന്നു' - എന്ന് ഗാലിബ് പറയുന്നു. ആധാർ‍ കാർഡ് തനിക്ക് ലഭിച്ചതിൽ സന്തോഷമുണ്ട് ഗാലിബിന്. ''ഇപ്പോൾ ഞാൻ ഇന്ത്യൻ പൗരനാണെന്നൊരു തോന്നലുണ്ട്.'', എന്ന് സന്തോഷത്തോടെ ഗാലിബ്.

Afzal Guru's (who was executed in 2013 for his role in 2001 Parliament attack) son Ghalib Guru says, "I appeal that I should get a passport. I also have an Aadhaar card. If I get a passport, I can avail international medical scholarship." pic.twitter.com/jJZSVht8k8

— ANI (@ANI)

ജമ്മു കശ്മീരിലെ ബാരാമുള്ളയ്ക്കടുത്ത് ഗുൽഷാനാബാദിലാണ് അഫ്‍സൽ ഗുരുവിന്‍റെ വീട്. അഫ്‍സൽ ഗുരുവിന്‍റെ വധശിക്ഷയ്ക്ക് ശേഷം, ഗാലിബിനെ കുടുംബം എല്ലാറ്റിൽ നിന്നുമകറ്റിയാണ് വളർത്തിയത്. അമ്മ തബസ്സുമിനും മുത്തച്ഛൻ ഗുലാം മുഹമ്മദിനുമൊപ്പമാണ് ഗാലിബ് വളർന്നത്. 

പത്താംക്ലാസ്സിൽ 95 ശതമാനവും പന്ത്രണ്ടാംക്ലാസ്സിൽ 86 ശതമാനവും മാർക്ക് വാങ്ങിയ മിടുക്കനാണ് ഗാലിബ് ഗുരു. അച്ഛൻ അഫ്‍സൽ ഗുരുവും പഠിച്ചത് മെഡിസിനാണ്. ഷേർ എ കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിനിൽ നിന്ന് എംബിബിഎസ് കോഴ്‍സ് പൂ‍ർത്തിയാക്കാൻ അഫ്‍സൽ ഗുരുവിന് കഴിഞ്ഞില്ല. അച്ഛനെപ്പോലെ മെഡിസിൻ പഠിക്കണമെന്നാണ് ഗാലിബിന്‍റെ ആഗ്രഹം. 

മെയ് അഞ്ചാം തീയതി നടക്കുന്ന നീറ്റ് പരീക്ഷയ്ക്കായി പഠിയ്ക്കുകയാണ് ഗാലിബിപ്പോൾ. ''ഇവിടെ മെറിറ്റിൽ സീറ്റ് കിട്ടണമെന്നും പഠിക്കണമെന്നുമാണ് ആഗ്രഹം. ഇവിടെ സീറ്റ് കിട്ടിയില്ലെങ്കിൽ തുർക്കിയിലെ ഒരു മെഡിക്കൽ കോളേജിൽ എനിക്ക് സ്കോളർഷിപ്പ് കിട്ടിയേക്കും. അങ്ങനെ ഉപരിപഠനത്തിനായി പുറത്തേയ്ക്ക് പോകണം.'' ഗാലിബ് പറയുന്നു.

തീവ്രവാദസംഘടനകളുടെ പിടിയിൽ നിന്ന് തന്നെ മാറ്റിനിർത്തുന്നതിന് അമ്മയോടാണ് ഗാലിബ് നന്ദി പറയുന്നത്.

ഗാലിബിന്‍റെ അച്ഛനായ അഫ്‍സൽ ഗുരുവാണ് ഇപ്പോഴും ജമ്മു കശ്മീരിലെ ഭീകരവാദ സംഘടനകളുടെ 'ഐക്കൺ'. പുൽവാമ ഭീകരാക്രമണത്തിൽ സൈനിക ബസ്സുകളുടെ നേർക്ക് കാർ ഓടിച്ചു കയറ്റിയ ആദിൽ അഹമ്മദ് ധർ എന്ന ചാവേർ ജയ്ഷെ മുഹമ്മദിന്‍റെ 'അഫ്‍സൽ ഗുരു ചാവേർ സംഘ'ത്തിലെ അംഗമായിരുന്നു.

''അഞ്ചാം ക്ലാസ്സ് മുതൽ എല്ലാ സമ്മർദ്ദങ്ങളിൽ നിന്നും എന്നെ എന്‍റെ അമ്മ അകറ്റി നിർത്തിയാണ് വളർ‍ത്തുന്നത്. ആരെന്ത് പറഞ്ഞാലും ശ്രദ്ധിക്കരുതെന്ന് അമ്മ എന്നോട് പറയും. അമ്മയെ നന്നായി നോക്കണം. അതാണ് എന്‍റെ ഇപ്പോഴത്തെ ഏകലക്ഷ്യം.'' ഗാലിബ് പറയുന്നു.

അഫ്‍സൽ ഗുരുവിന്‍റെ വീടിന്‍റെ ഏതാനും മീറ്ററുകൾക്കപ്പുറമാണ് 44 രാഷ്ട്രീയ റൈഫിൾസിന്‍റെ ക്യാംപ്. ബുർഹാൻ വാണി കൊല്ലപ്പെട്ട ശേഷം താഴ്‍വരയിലുണ്ടായ കലാപത്തിൽപ്പോലും ഗുൽഷാനാബാദ് ശാന്തമായിരുന്നു. തന്നെ ഒരിക്കൽ പോലും സുരക്ഷാ സേനാ ഉദ്യോഗസ്ഥർ ബുദ്ധിമുട്ടിച്ചിട്ടില്ലെന്ന് ഗാലിബ് പറയുന്നു. പകരം നന്നായി പഠിക്കണമെന്നും, മികച്ച മാർക്ക് നേടി ഡോക്ടറാകണമെന്നും സൈനികർ എപ്പോഴും പറയുമെന്നും ഗാലിബ്.

73 വയസ്സുള്ള മുത്തശ്ശനാണ് ഗാലിബിന്‍റെ മാതൃക. അൻപത് കൊല്ലം മുൻപേ ജമ്മു കശ്മീരിൽ നിന്ന് ബിരുദാനന്തരബിരുദം നേടിയ ഗുലാം മുഹമ്മദുണ്ട് ഗാലിബിനൊപ്പം, എന്നും പ്രചോദനമായി. 

click me!