
ദില്ലി: ബാലാകോട്ടിൽ നടത്തിയ പ്രത്യാക്രമണത്തിൽ 250 ഭീകരവാദികൾ കൊല്ലപ്പെട്ടെന്ന അമിത് ഷായുടെ വാദം കേട്ടിട്ടും മോദി എന്താണ് മൗനം പാലിക്കുന്നതെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. ബാലാകോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് മോദി തുടരുന്ന മൗനത്തെ പരാമർശിച്ചു കൊണ്ടായിരുന്നു മായാവതിയുടെ ഈ പ്രതികരണം. 250 ഭീകരർ കൊല്ലപ്പെട്ടു എന്ന ബിജെപി ദേശീയ അധ്യക്ഷന്റെ പ്രസ്താവനയിൽ ഗുരു മോദി എന്താണ് മൗനം പാലിക്കുന്നതെന്നായിരുന്നു മായാവതിയുടെ ട്വിറ്റർ കുറിപ്പ്.
''ബാലാകോട്ടിൽ ഇന്ത്യൻ വ്യോമസേന നടത്തിയ പ്രത്യാക്രമണത്തിൽ 250 തീവ്രവാദികൾ കൊല്ലപ്പെട്ടെന്ന് സംശയലേശമെന്യേ അമിത് ഷാ പ്രസ്താവിച്ചിരുന്നു. എന്നാൽ ഇത് കേട്ടിട്ടും അദ്ദേഹത്തിന്റെ 'ഗുരു'വായ മോദി എന്താണ് മൗനം പാലിക്കുന്നത്. എല്ലാത്തിന്റെയും ക്രെഡിറ്റ് ഏറ്റെടുക്കാൻ ശ്രദ്ധാലുവായിരിക്കുന്ന അദ്ദേഹം എന്താണ് മിണ്ടാത്തത്? ഭീകരർ കൊല്ലപ്പെട്ടത് നല്ല വാർത്തയാണ്. പക്ഷേ പ്രധാനമന്ത്രിയുടെ മൗനത്തിന് പിന്നിലെ രഹസ്യം എന്താണ്?'' മായാവതി ചോദിക്കുന്നു.
അതേസമയം അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവന തള്ളി മുന്‍ കരസേനാ മേധാവിയും വിദേശകാര്യ സഹമന്ത്രിയുമായ വി.കെ സിങ് രംഗത്തെത്തിയിരുന്നു. വ്യോമാക്രമണം നടക്കുമ്പോൾ ഭീകരക്യാംപിൽ എത്ര പേരുണ്ടായിരുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും മരണസംഖ്യ എന്നാണ് വി കെ സിംഗിന്റെ പ്രതികരണം. അത്രയും പേർ കൊല്ലപ്പെട്ടിട്ടുണ്ടാകാം എന്നൊരു ഊഹക്കണക്കായിരിക്കും അമിത് ഷാ പറഞ്ഞിരിക്കുക എന്നും വികെ സിംഗ് കൂട്ടിച്ചേർത്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam