'ദില്ലിക്കായി ഒന്നിക്കാം'; അമിത് ഷായ്ക്ക് പൂച്ചെണ്ടുകളുമായി കെജ്‍രിവാള്‍ എത്തി

By Web TeamFirst Published Feb 19, 2020, 4:17 PM IST
Highlights

ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് കെജ്‍രിവാള്‍ അമിത് ഷായെ കണ്ടത്. ഇതാദ്യമായാണ് ഇരുവരും ദില്ലി തെരഞ്ഞെടുപ്പിന് ശേഷം നേരില്‍ കാണുന്നതും

ദില്ലി: നിയമസഭ തെരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന് ശേഷം വീണ്ടും ദില്ലിയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അരവിന്ദ് കെജ്‍രിവാള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിച്ചു. ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് കെജ്‍രിവാള്‍ അമിത് ഷായെ കണ്ടത്.

ഇതാദ്യമായാണ് ഇരുവരും ദില്ലി തെരഞ്ഞെടുപ്പിന് ശേഷം നേരില്‍ കാണുന്നതും. സന്ദര്‍ശനത്തിന് ശേഷം ദില്ലിയുടെ വികസനത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്ന് ഇരുവരും തീരുമാനിച്ചതായി കെജ്‍രിവാള്‍ പ്രതികരിച്ചു. ''ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിച്ചു. ദില്ലിയിയുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

ദില്ലിയുടെ വികസനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് തീരുമാനിച്ചതായും കെജ്‍രിവാള്‍ ട്വീറ്റ് ചെയ്തു. കഴിഞ്ഞ 16നാണ് ദില്ലി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‍രിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കഴിഞ്ഞ മന്ത്രിസഭയിൽ ജലവകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ഇത്തവണ മറ്റ് വകുപ്പുകളില്ല.

Delhi Chief Minister Arvind Kejriwal meets Union Home Minister Amit Shah at the latter's residence. pic.twitter.com/uQigQBTpVm

— ANI (@ANI)

തൊഴിൽ, നഗര വികസനം എന്നിവയ്ക്കൊപ്പം സത്യേന്ദ്ര കുമാർ ജെയിനാണ് ജലവകുപ്പിന്റെ ചുമതല വഹിക്കുക. പരിസ്ഥിതി, തൊഴിൽ, വികസനം എന്നിവ ഗോപാൽ റായിയും വനിത ശിശുക്ഷേമ വകുപ്പുകളുടെ ചുമതല രാജേന്ദ്ര പാൽ ഗൗതമും വഹിക്കും.

ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വകുപ്പുകളിൽ മാറ്റമില്ല. വിദ്യാഭ്യാസം, ധനം, ടൂറിസം ഉൾപ്പടെ പതിനൊന്ന് വകുപ്പുകളുടെ ചുമതലയാണ് മനീഷ് സിസോദിയ വഹിക്കുന്നത്. ഇമ്രാൻ ഹുസ്സൈൻ ഭക്ഷ്യ സിവിൽ സപ്ലൈസും കൈലോഷ് ഖെലോട്ട് നിയമം, ട്രാൻസ്പോർട്ട് തുടങ്ങിയ വകുപ്പുകളുമാണ് വഹിക്കുന്നത്.

click me!