
മുംബൈ: മുംബൈ ലോക്കൽ ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കം രൂക്ഷമായ ഭാഷാ തര്‍ക്കത്തിലേക്ക് മാറി. മറാത്തി സംസാരിക്കാത്ത സ്ത്രീയെ 'മറാത്തി അറിയില്ലെങ്കിൽ മുംബൈയിൽ നിന്ന് പുറത്തുപോ' എന്ന് മറ്റൊരു സ്ത്രീ ആക്രോശിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വെള്ളിയാഴ്ച വൈകുന്നേരം സെൻട്രൽ ലൈനിലെ തിരക്കേറിയ ലേഡീസ് കോച്ചിലാണ് സംഭവം.
മുംബൈ ലോക്കൽ ട്രെയിനുകളിൽ അസാധാരണമല്ലാത്ത രീതിയിൽ ആറ്-ഏഴ് സ്ത്രീകൾ സീറ്റിനെച്ചൊല്ലി വാഗ്വാദം നടത്തുന്നതാണ് വീഡിയോയിൽ. എന്നാൽ, തർക്കത്തിനിടെ ഒരു സ്ത്രീ മറ്റൊരു യാത്രക്കാരിയോട് മറാത്തിയിൽ സംസാരിക്കാത്തതിന് രൂക്ഷമായ പ്രതികരണമാണ് നടത്തിയത്. "നിങ്ങൾക്ക് ഞങ്ങളുടെ മുംബൈയിൽ താമസിക്കണമെങ്കിൽ മറാത്തിയിൽ സംസാരിക്കണം, അല്ലെങ്കിൽ പുറത്തുപോകണം," എന്നും അവർ പറഞ്ഞു. താമസിയാതെ, ട്രെയിനിലെ മറ്റ് സ്ത്രീകളും തർക്കത്തിൽ ചേരുന്നതും കാണാം.
സംഭവത്തിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും റെയിൽവേ പോലീസും അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. മഹാരാഷ്ട്രയിൽ നിലവിലുള്ള ഭാഷാ വിവാദങ്ങൾക്കിടെയാണ് പുതിയ സംഭവം. രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമ്മാൺ സേന പ്രവർത്തകർ മറാത്തി സംസാരിക്കാത്തവരെ ലക്ഷ്യമിടുന്നതും അവരുമായി ഏറ്റുമുട്ടുന്നതും വിമർശനങ്ങൾക്ക് വിധേയമാകുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം പുറത്തുവന്നത്.
ഈ ആഴ്ച ആദ്യം, മുംബൈയിലെ വിക്രോളിയിൽ ഒരു കടയുടമയെ എംഎൻഎസ് പ്രവർത്തകർ മർദിച്ചിരുന്നു. പരസ്യമായി മാപ്പ് പറയാൻ കടയുടമയെ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ജൂലൈ ഒന്നിന്, താനെയിൽ ഒരു വഴിയോര കച്ചവടക്കാരൻ മറാത്തിയിൽ സംസാരിക്കാൻ വിസമ്മതിച്ചതിന് എം.എൻ.എസ്. പ്രവർത്തകരുടെ മർദനമേറ്റ സംഭവവും പുറത്തുവന്നു.
മറ്റൊരു സംഭവത്തിൽ, മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ ഒരു അതിഥി തൊഴിലാളിയായ ഓട്ടോറിക്ഷ ഡ്രൈവറെ എം.എൻ.എസ്. പ്രവർത്തകരും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യു.ബി.ടി) അനുഭാവികളും പരസ്യമായി മർദിച്ചു. മറാത്തി പഠിക്കില്ലെന്ന് ശപഥം ചെയ്ത വ്യവസായി സുശീൽ കേഡിയയുടെ ഓഫീസും എം.എൻ.എസ്. പ്രവർത്തകർ നശിപ്പിച്ചു.
രാജ് താക്കറെയുടെ അഞ്ചോ ആറോ അനുഭാവികൾ ഓഫീസിലേക്ക് ഇഷ്ടികകൾ വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിരുന്നു. ഒരു സുരക്ഷാ ജീവനക്കാരൻ ആക്രമണം തടയാൻ ശ്രമിച്ചെങ്കിലും, ബാഗുകൾ ഒഴിഞ്ഞതിന് ശേഷം മാത്രമാണ് അവർ നിർത്തിയത്. പിന്നീട് വ്യവസായി ക്ഷമാപണം നടത്തുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam