
ദില്ലി: ബീഹാറിലെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് വാദം നാളെയും സുപ്രീം കോടതിയിൽ തുടരും. ഇന്ന് കോടതി കേസ് പരിഗണിച്ചപ്പോൾ പൗരവകാശ പ്രവർത്തകൻ യോഗേന്ദ്ര യാദവ് നേരിട്ട് വാദിക്കുകയായിരുന്നു. തനിക്ക് നേരിട്ട് കേസ് വാദിക്കണമെന്ന ആഗ്രഹം ഇദ്ദേഹം കോടതിയെ അറിയിക്കുകയായിരുന്നു.
അതേസമയം, യോഗേന്ദ്ര യാദവിന്റെ വാദത്തിനിടെ നാടകീയ നിമിഷങ്ങളാണ് കോടതിയിൽ ഉണ്ടായത്. കരട് വോട്ടർ പട്ടികയിൽ മരിച്ചതായി കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കിയ സ്ത്രീയെ കോടതിയിൽ യോഗേന്ദ്ര യാദവ് നേരിട്ട് ഹാജരാക്കി.മരിച്ചെന്ന് പറഞ്ഞാണ് ഇവരെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കിയതെന്ന് അദ്ദേഹം കോടതിയിൽ പറഞ്ഞു. 2003ലടക്കം റിവിഷൻ നടന്നിട്ടുള്ളതായി തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നുണ്ട്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരം ഒരു തീവ്ര പരിഷ്കരണത്തിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ പോകുന്നതെന്നും യോഗേന്ദ്ര യാദവ് കോടതിയിൽ പറഞ്ഞു. എന്നാൽ, കരട് വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ട സ്ത്രീയെ കോടതിയില്‍ ഹാജരാക്കി നാടകം കളിക്കുന്നത് എന്തിനാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ അഭിഭാഷകന്‍ ചോദിച്ചു.
സൂര്യകാന്ത് ദേശായിയുടെ ബെഞ്ചാണ് കേസ് കേട്ടത്. പത്ത് മിനിറ്റാണ് കോടതി വാദത്തിനായി അനുവദിച്ചത്. വാദം പൂർത്തിയായതിന് ശേഷം സുപ്രീം കോടതി യാദവിനെ അഭിനന്ദിച്ചു. ഗുണനിലവാരമുള്ള വിശകലനമാണ് യാദവ് നടത്തിയതെന്നും കോടതി പറഞ്ഞു.