
ില്ലി: കേരളത്തിലെയടക്കം ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സ്വമേധയാ ഏറ്റെടുത്ത് നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് പിഎസി അധ്യക്ഷൻ കെസി വേണുഗോപാൽ എംപി പറഞ്ഞു. ലോക്സഭയിലും രാജ്യസഭയിലും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു. പിഎസി പഠനം ഇനിയും തുടരുമെന്നും സര്‍വീസ് റോഡുകള്‍ പൂര്‍ത്തിയാകുന്നതുവരെ ടോള്‍ പിരിവ് നിര്‍ത്തിവെയ്ക്കണമെന്നതടക്കമുള്ള ശുപാര്‍ശ റിപ്പോര്‍ട്ടിലുണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു.
ദേശീയ പാത നിര്‍മാണത്തിൽ വ്യാപകമായ ക്രമക്കേടുകളും പിഴവുകളും കേരളത്തിലടക്കം പല സംസ്ഥാനത്തും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അഴിമതിയുണ്ടെന്ന് പുറത്തുവന്നിട്ടുണ്ട്. ദേശീയപാത പദ്ധതികളുമായി ബന്ധപ്പെട്ട സിഎജി ഓഡിറ്റ് അടിയന്തരമായി നടത്തണം. ഡിസൈൻ തകർച്ച ഒഴിവാക്കാൻ ഡിസൈൻ തയ്യാറാക്കാനും അംഗീകരിക്കാനമുള്ള സംവിധാനം ദേശീയപാത അതോറിറ്റിക്ക് വേണം. ഉപ കരാർ നൽകുന്നതിൽ ഇക്കാര്യത്തിൽ അഴിമതിയുണ്ട്. ഉപകരാർ എടുക്കുന്നത് ആരെന്നു പോലും അറിയില്ല. ഉപകരാർ എടുക്കുന്നവർക്ക് ഒരു രജിസ്ട്രേഷൻ ഉറപ്പാക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്.സർവീസ് റോഡുകൾ പൂർത്തിയാകുന്നത് വരെ ടോൾ പിരിവ് നിർത്തിവയ്ക്കണമെന്നും നിർദ്ദേശിച്ചു.
ദേശീയപാതയിലെ സർവീസ് റോഡുകളുടെ ക്വാളിറ്റി ഉറപ്പാക്കുന്ന സംവിധാനം വേണം. പൂർത്തിയാകാത്ത റോഡുകളിൽ ടോൾ പിരിവ് പണി പൂർത്തിയാകുന്നതുവരെ നിരോധിക്കണമെന്നും ശുപാർശ നൽകി. കൂരിയാട് ദേശീയപാത തകർച്ചയുമായി ബന്ധപ്പെട്ട ചർച്ചകളും നടന്നു. ഡിസൈൻ തകരാർ ആണെന്ന് ദേശീയപാത അതോറിറ്റി സമ്മതിച്ചിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് എടുത്ത നടപടികൾ പേരിനുള്ളതാണ്. ശിക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. കുറ്റം ചെയ്ത കരാറുകാരെ കരിമ്പട്ടികയിൽ ഉള്‍പ്പെടുത്താൻ തയ്യാറാകണം.കേരളത്തിൽ ഉപകരാറുകളുമായി ബന്ധപ്പെട്ട ഗുരുതര അഴിമതി നടന്നിട്ടുണ്ട്. 2000 കോടിയുടെ പദ്ധതി 700 കോടിക്ക് ചിലയിടങ്ങളിൽ കരാർ കൊടുത്തു. എങ്ങനെയാണ് ഇത് അംഗീകരിക്കുന്നത്. ഇതിൽ ഗുണനിലവാരം ഉറപ്പാക്കുന്നത് എങ്ങനെയാണെന്നും കെസി വേണുഗോപാൽ ചോദിച്ചു.