കൊവിഡ് പോരാളികൾക്ക് സൈന്യത്തിന്‍റെ സല്യൂട്ട്; ഫ്ലൈപാസ്റ്റ് ഇന്ന്, കൊവിഡ് ആശുപത്രികൾക്കുമേൽ പൂക്കൾ വിതറും

By Web TeamFirst Published May 3, 2020, 7:26 AM IST
Highlights

കൊവിഡ് പ്രതിരോധത്തിന് പിന്തുണയും ആദരവുമർപ്പിച്ച് സൈന്യം. ശ്രീനഗർ മുതൽ തിരുവനന്തപുരം വരെ വ്യോമസേനയുടെ ഫ്ലൈപാസ്റ്റ് ഇന്ന്. മറ്റ് സേനാവിഭാഗങ്ങളും പങ്കെടുക്കും.

ദില്ലി: കൊവിഡ് പ്രതിരോധ പ്രവർത്തകർക്ക് ആദരം അര്‍പ്പിക്കാൻ സേനയുടെ ഫ്ലൈപാസ്റ്റ് ഇന്ന്. ശ്രീനഗര്‍ മുതൽ തിരുവനന്തപുരം വരെ വ്യോമസേനയുടെ വിമാനങ്ങൾ പറക്കും. കൊവിഡ് ആശുപത്രികൾക്കുമേൽ പൂക്കൾ വിതറും.

കൊവിഡ് പ്രതിരോധ പോരാട്ടത്തിന് സൈന്യം പിന്തുണയും ആദരവും അറിയിക്കുകയാണ്. വായുസേനയുടെ ട്രാൻസ്പോര്‍ട്ട് വിമാനങ്ങളും മിഗ് 21, മിഗ് 27 യുദ്ധവിമാനങ്ങളും ഫ്ലൈപാസ്റ്റിൽ പങ്കെടുക്കും. കൊവിഡ് ആശുപത്രികൾക്കുമേൽ പൂക്കൾ വിതറാൻ ഹെലികോപ്റ്ററുകൾ പറക്കും. ദീപങ്ങൾ കൊണ്ട് അലങ്കരിച്ച് നാവിക സേന കപ്പലുകളും, ബാന്‍റ് സംഘങ്ങളുമായി കരസേനയും ചടങ്ങിന്‍റെ ഭാഗമാകും. രാവിലെ ഒമ്പതര മണിക്ക് പൊലീസുകാര്‍ക്ക് ആദരമര്‍പ്പിച്ച് ദില്ലിയിലെ പൊലീസ് സ്മാരകത്തിൽ സേനേമേധാവികൾ പുഷ്പചക്രം അര്‍പ്പിക്കുന്നതോടെയാണ് ഫ്ലൈപാസ്റ്റ് തുടങ്ങുന്നത്. 

ശ്രീനഗറിൽ നിന്ന് തിരുവനന്തപുരം വരെയും അസമിൽ നിന്ന് ഗുജറാത്തിലെ കച്ചുവരെയും വിമാനങ്ങൾ പറക്കും. ഫ്ലൈപാസ്റ്റിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. കൊവിഡ് പോരാട്ടത്തിന്‍റെ ഭാഗമായ ആരോഗ്യ പ്രവര്‍ത്തകരെയും അവരുടെ കുടുംബാംഗങ്ങളെയും രാജ്യം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് മോദി പറഞ്ഞു. 

കൊച്ചിയിലും ചടങ്ങുകൾ സംഘടിപ്പിക്കും

കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിൽ പങ്കെടുത്തവരെ രാജ്യത്തെ സേനാവിഭാഗങ്ങൾ ആദരിക്കുന്നതിന്‍റെ ഭാഗമായി കൊച്ചിയിലെ ദക്ഷിണ നാവികാസ്ഥാനവും ഒരുങ്ങി. രാവിലെ പത്തിന് നാവികസേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ എറണാകുളം ജനറൽ ആശുപത്രിയിലെത്തി ജില്ലാ കളക്ടർ, ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവരെ അനുമോദിക്കും. നാവികസേനയുടെ ആദരസൂചകമായി ചേതക് ഹെലികോപ്ടർ ആശുപത്രിക്ക് മുകളിൽ പുഷ്പവൃഷ്ടി നടത്തും. തുടർന്ന് 10.30 ന് ഡോർണിയർ വിമാനങ്ങളും സീ കിംഗ് ഉൾപ്പെടെയുള്ള ഹെലികോപ്ടറുകളും മറ്രൈൻ ഡ്രൈവിന് മുകളിലൂടെ പറന്ന് ആദരമർപ്പിക്കും.

click me!