കരസേനാ മേധാവി കശ്മീരിലേക്ക്, എട്ടാം ദിവസവും തീവ്രവാദികൾക്കായി സൈന്യത്തിൻ്റെ തെരച്ചിൽ തുടരുന്നു

By Web TeamFirst Published Oct 18, 2021, 5:31 PM IST
Highlights

അതേസമയം

ശ്രീനഗർ: കരസേന മേധാവി ജനറൽ എംഎം നരവനെ (Army Chief MM Naravane) ദ്വിദിന സന്ദർശനത്തിന് ജമ്മുവിലെത്തും (Jammu and Kashmir). നാട്ടുകാർക്കും മറുനാടൻ തൊഴിലാളികൾക്കുമെതിരെ തീവ്രവാദി ആക്രമണം തുടരുന്നതിനിടെയാണ് കരസേനാ മേധാവിയുടെ കശ്മീർ സന്ദർശനം. ജമ്മുവിലെ സുരക്ഷ സാഹചര്യം കരസേനാ മേധാവി നേരിട്ട് വിലയിരുത്തും. നിയന്ത്രണരേഖയിലും പരിശോധനയ്ക്കായി അദ്ദേഹം നേരിട്ടെത്തും. ഇതിനിടെ ദില്ലിയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ സുരക്ഷാ ഏജൻസികളുടെ ഉന്നതതലയോഗം വിളിച്ചു. കശ്മീരിലെ സ്ഥിതി ഗതികൾ യോഗം വിലയിരുത്തും. 

അതേസമയം ജമ്മുകശ്മീരിലെ പൂഞ്ചില്‍ ഭീകരർക്കായുള്ള തെരച്ചില്‍ എട്ടാം ദിവസവും തുടരുകയാണ്. ഭീകരർക്ക് പാക് കമാൻഡോകളുടെ സഹായം ലഭിച്ചിട്ടുണ്ടാകാമെന്നാണ് സൈന്യത്തിന്‍റെ വിലയിരുത്തല്‍. ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളില്‍ ഒരു വിഭാഗം നാട്ടിലേക്ക് മടങ്ങുന്നതായാണ് റിപ്പോര്‍ട്ട്

ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയ ഭീകര സംഘത്തിന് പാക് കമാന്‍ഡോകളുടെ പരിശീലനം ലഭിച്ചുട്ടള്ളാതായാണ് സൈന്യത്തിന്‍റെ അനുമാനം. ആറോ എട്ടോ ഭീകരരടങ്ങിയ  സംഘം വൻ ആയുധശേഖരവുമായി മെൻധാർ, ദേര കി ഗലി  വന മേഖലയില്‍ ഒളിച്ചിരിക്കുന്നതായാണ്  കരുതുന്നത്. ഭീകരർക്ക് ഇന്ത്യയില്‍ നിന്ന് എന്തെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന അന്വേഷണവും നടക്കുന്നുണ്ട്. ഒരു സ്ത്രീയടക്കം മൂന്ന് പേരെ ഇന്നലെ ചോദ്യം ചെയ്തു. സ്വമേധയോ ഭീഷണിക്ക് വഴങ്ങിയോ എന്തെങ്കിലും സഹായം  ഇവർ ഭീകരർക്ക് നല്‍കിയിട്ടുണ്ടോ എന്നതിലാണ് അന്വേഷണം നടക്കുന്നത്. 

ഒക്ടോബ‍ർ 11-നാണ് പൂഞ്ചിലെ വനമേഖലയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്.  ഇന്നലെയും ഒരു മണിക്കൂറോളം സമയം ഏറ്റുമുട്ടലുണ്ടായി. ഇതുവരെ രണ്ട് ജൂനിയർ കമ്മീഷൻഡ് ഓഫീസറടക്കം 9 സൈനികരാണ് ഇവിടെ ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ചത്. അതേസമയം ജമ്മുകശ്മീരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ ആക്രമണം നടക്കുന്ന സാഹചര്യത്തില്‍ ജാഗ്രത വർധിപ്പിച്ചിട്ടുണ്ട്. 

രണ്ടാഴ്ചക്കിടെ 11 സാധാരണക്കാരാണ് ജമ്മു കശ്മീരില്‍ കൊല്ലപ്പെട്ടത്. ഇതില്‍  അഞ്ച് പേരും ഇതര സംസ്ഥാന തൊഴിലാളികളാണ്. വിഭാഗീയത സൃഷ്ടിക്കാനും  ഭയപ്പെടുത്താനുമുള്ള ശ്രമമാണ് ഭീകരാക്രമണങ്ങള്‍ക്ക് പിന്നിലെന്നാണ് വിലയിരുത്തല്‍. ആക്രമണങ്ങളുടെ സാഹചര്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളില്‍ ഒരു വിഭാഗം നാട്ടിലേക്ക് മാറുന്നതായാണ് റിപ്പോര്‍ട്ടുകള്‍.  സർക്കാര്‍ ജോലി ചെയ്യുന്ന  കശ്മീരി പണ്ഡിറ്റ് വിഭാഗക്കാരില്‍ ഒരു വിഭാഗവും മേഖലയില്‍ നിന്ന് മാറുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 

അതേസമയം.പൊലീസ് സ്റ്റേഷനിലേക്കോ സൈനിക ക്യാംപിലേക്കോ  ഇതര സംസ്ഥാന തൊഴിലാളികളെ മാറ്റണമെന്ന് നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് കശ്മീര്‍ ഐജിപി വിജയകുമാര്‍ വ്യക്തമാക്കി. ഉത്തരവ് സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായ സാഹചര്യത്തിലാണ് വിശദീകരണം.  

ഭീകരർ ഇതരസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ട സാഹചര്യത്തിൽ ബിഹാർ ഡിജിപി ജമ്മു കശ്മീർ സർക്കാരിനെ ആശങ്ക അറിയിച്ചു. ജമ്മുകശ്മീർ ചീഫ് സെക്രട്ടറിയും ഡിജിപിയുമായി ബിഹാർ ഡിജിപി ചർച്ച നടത്തി.ബിഹാർ സ്വദേശികൾ കൊല്ലപ്പെട്ട സാഹചര്യത്തിലായിരുന്നു ചർച്ച. ബിഹാർ സ്വദേശികൾ താമസിക്കുന്ന സ്ഥലങ്ങളിൽ ആവശ്യമായ സുരക്ഷ ഒരുക്കണമെന്ന് ബിഹാർ ഡിജിപി കശ്മീർ സർക്കാരിനോട് ആവശ്യപ്പെട്ടു. ആക്രമണം നടത്തിയ ഭീകരരെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ട് വച്ചു. 

click me!