പൂഞ്ചില്‍ എട്ടാം ദിവസവും തെരച്ചില്‍; ഭീകരർക്ക് പാക് കമാന്‍ഡോകളുടെ സഹായമുണ്ടെന്ന് സംശയം

Published : Oct 18, 2021, 03:09 PM IST
പൂഞ്ചില്‍ എട്ടാം ദിവസവും തെരച്ചില്‍;  ഭീകരർക്ക് പാക് കമാന്‍ഡോകളുടെ സഹായമുണ്ടെന്ന് സംശയം

Synopsis

ഒരു സ്ത്രീയടക്കം മൂന്ന് പേരെ ഇന്നലെ ചോദ്യം ചെയ്തു. സ്വമേധയോ ഭീഷണിക്ക് വഴങ്ങിയോ എന്തെങ്കിലും സഹായം ഇവർ ഭീകരർക്ക് നല്‍കിയിട്ടുണ്ടോ എന്നതിലാണ് അന്വേഷണം നടക്കുന്നത്. 

ദില്ലി: ജമ്മുകശ്മീരിലെ (jammu and kashmir) പൂഞ്ചില്‍ ഭീകരർക്കായുള്ള (terrorist) തെരച്ചില്‍ എട്ടാം ദിവസവും തുടരുന്നു. ഭീകരർക്ക് പാക് കമാൻഡോകളുടെ സഹായം ലഭിച്ചിട്ടുണ്ടാകാമെന്നാണ് സൈന്യത്തിന്‍റെ വിലയിരുത്തല്‍. ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറിയ ഭീകര സംഘത്തിന് പാക് കമാന്‍ഡോകളുടെ പരിശീലനം ലഭിച്ചിട്ടുള്ളതായാണ് സൈന്യത്തിന്‍റെ അനുമാനം. ആറോ എട്ടോ ഭീകരരടങ്ങിയ സംഘം വൻ ആയുധശേഖരവുമായി മെൻധാർ, ദേര കി ഗലി വന മേഖലയില്‍ ഒളിച്ചിരിക്കുന്നതായാണ് കരുതുന്നത്. ഭീകരർക്ക് ഇന്ത്യയില്‍ നിന്ന് എന്തെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന അന്വേഷണവും നടക്കുന്നുണ്ട്. 

ഒരു സ്ത്രീയടക്കം മൂന്ന് പേരെ ഇന്നലെ ചോദ്യം ചെയ്തു. സ്വമേധയോ ഭീഷണിക്ക് വഴങ്ങിയോ എന്തെങ്കിലും സഹായം ഇവർ ഭീകരർക്ക് നല്‍കിയിട്ടുണ്ടോ എന്നതിലാണ് അന്വേഷണം നടക്കുന്നത്. ഒക്ടോബ‍ർ 11നാണ് പൂഞ്ചിലെ വനമേഖലയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഇന്നലെയും ഒരു മണിക്കൂറോളം ഏറ്റുമുട്ടലുണ്ടായി. ഇതുവരെ രണ്ട് ജൂനിയർ കമ്മീഷൻഡ് ഓഫീസറടക്കം 9 സൈനികരാണ് ഇവിടെ ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ചത്. അതേസമയം ജമ്മുകശ്മീരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ ആക്രമണം നടക്കുന്ന സാഹചര്യത്തില്‍ ജാഗ്രത വർധിപ്പിച്ചിട്ടുണ്ട്. 

രണ്ടാഴ്ചയ്ക്കിടെ 11 സാധാരണക്കാരാണ് കശ്മീരില്‍ കൊല്ലപ്പെട്ടത്. ഇതില്‍  അഞ്ചുപേരും ഇതര സംസ്ഥാന തൊഴിലാളികളാണ്. വിഭാഗീയത സൃഷ്ടിക്കാനും ഭയപ്പെടുത്താനുമുള്ള ശ്രമമാണ് ഭീകരാക്രമണങ്ങള്‍ക്ക് പിന്നിലെന്നാണ് വിലയിരുത്തല്‍. ആക്രമണങ്ങളുടെ സാഹചര്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളില്‍ ഒരു വിഭാഗം നാട്ടിലേക്ക് മാറുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സർക്കാര്‍ ജോലി ചെയ്യുന്ന കശ്മീരി പണ്ഡിറ്റ് വിഭാഗക്കാരില്‍ ഒരു വിഭാഗവും മേഖലയില്‍ നിന്ന് മാറുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം പൊലീസ് സ്റ്റേഷനിലേക്കോ സൈനിക ക്യാമ്പിലേക്കോ ഇതര സംസ്ഥാന തൊഴിലാളികളെ മാറ്റണമെന്ന് നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് കശ്മീര്‍ ഐജിപി വിജയകുമാര്‍ വ്യക്തമാക്കി. ഉത്തരവ് സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായ സാഹചര്യത്തിലാണ് വിശദീകരണം.  
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി